ധാക്ക: ബംഗ്ലാദേശിനെ കലാപകലുഷിതമാക്കിയ വിവാദ സംവരണം സുപ്രീംകോടതി ഭാഗികമായി പിന്‍വലിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നൂറിലധികം ആളുകള്‍ മരിക്കുകയും രാജ്യം കത്തുന്ന അവസ്ഥയുമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജോലികളില്‍ 93 ശതമാനം നിയമനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്ന് കോടതി ഉത്തരവിട്ടത്. ബാക്കി വരുന്ന ഏഴു ശതമാനത്തില്‍ അഞ്ച് ശതമാനം സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കള്‍ക്ക് ലഭിക്കും. രണ്ട് ശതമാനം സംവരണം മറ്റ് വിഭാഗക്കാര്‍ക്ക് ലഭിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം അനുവദിക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. നേരത്തെ ഉണ്ടായിരുന്ന സംവരണ രീതി 2018ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞമാസം ഹൈക്കോടതി ആ തീരുമാനം അസാധുവാക്കിയതോടെയാണ് ബംഗ്ലാദേശ് കലാപത്തിലേക്ക് നീങ്ങിയത്. ഈ ഉത്തരവാണ് സുപ്രീംകോടതി ഇന്നലെ ഭാഗികമായി റദ്ദാക്കിയത്. നേരത്തെ ആഗസ്ത് ഏഴിന് വിധി പറയുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ ഇന്നലെ വിധി പറയുകയായിരുന്നു.
അതേസമയം ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക കര്‍ഫ്യൂ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ നീട്ടിയിരുന്നു. അക്രമസംഭവങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് പ്രതിഷേധം ശമിപ്പിക്കാന്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവും നല്‍കിയിരുന്നു. രാജ്യത്ത് അടിയന്തര സേവനങ്ങള്‍ മാത്രമേ നിലവില്‍ അനുവദനീയമുള്ളു. ഇന്ന് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ വ്യാഴാഴ്ച മുതല്‍ ഇന്റര്‍നെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ജൂലൈ ഒന്നിനാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: