പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ വര്‍ഷംതോറും താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ അതിന്റെ ഗുണഫലം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് അതത് സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പാലക്കാട് ബിജെപി ജില്ലാ കാര്യാലയത്തില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ താങ്ങുവില കേന്ദ്രം വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. കര്‍ഷക സമരം നടന്ന മണ്ഡലങ്ങളിലും ബിജെപിക്ക് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെ പരമ്പരാഗത സിപിഎം കേന്ദ്രങ്ങളില്‍ ബിജെപിയുടെ വോട്ട് വര്‍ധിച്ചു. ഇരുമുന്നണികള്‍ക്കും ബദലായി മൂന്നാമതൊരു മുന്നണി ഉണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തെറ്റുതിരുത്തുമെന്ന് പറയുമ്പോഴും കൂടുതല്‍ തെറ്റിലേക്കാണ് സിപിഎം പോകുന്നത്. സ്വയം തെറ്റുതിരുത്തുന്നതിന് പകരം ജനങ്ങളെ തിരുത്താനാണ് അവര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് റോഡ്, കാര്‍ഷികം, തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ കോടികളാണ് കുടിശ്ശികയായി നല്‍കാനുള്ളത്. എന്നാല്‍, കേരളം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പ്രതിപക്ഷം ഉരിയാടുന്നില്ല.
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ശുചീകരണ തൊഴിലാളിയായ ജോയിയുടെ വീട് സന്ദര്‍ശിക്കുവാന്‍ പോലും പ്രതിപക്ഷനേതാവ് തയാറായിട്ടില്ലെന്നും എം.ടി. രമേശ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ സമരപോരാട്ടങ്ങള്‍ തുടരുമെന്നും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി ആര്. നായര്‍ അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറിമാരായ പി.ആര്. അജയ്ഘോഷ്, കെ.ടി. ബിബിന്‍, വൈസ് പ്രസി: കൃഷ്ണന്, പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ. വേണു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: