രാജാക്കാട്: മൂന്നാര്‍ സര്‍വീസ് സഹ. ബാങ്ക് ഭരണസമിതിക്കും സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം കെ.വി. ശശിക്കുമെതിരെ വിമര്‍ശനവുമായി മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്. 2010ല്‍ ഈ ബാങ്കിനെ സംബന്ധിച്ച പരാതികള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയതാണ്. പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി നടത്തുന്ന കച്ചവടത്തിന് മുന്‍കൂര്‍ ജാമ്യമെടുക്കുന്ന പണിയാണ് കെ.വി. ശശി ചെയ്യുന്നത്.
തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ പണത്തിന്റെ വിഹിതം കച്ചവടത്തിലേക്ക് മാറ്റുമ്പോള്‍ നിയമവശങ്ങളും വസ്തുതകളും മനസിലാക്കിയിരിക്കണം. അതല്ലാതെ ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തിയുടെ ഫലമാണ് ബാങ്കിന് കീഴിലുള്ള ഹോട്ടലിനെ സംബന്ധിച്ച് ഇപ്പോഴുണ്ടായിട്ടുള്ള ആക്ഷേപങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020ല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് താന്‍ നല്‍കിയിരുന്ന പരാതികളുടെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി നേതൃത്വം ബാങ്കിനെ സംബന്ധിച്ച് ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനമെന്നും രാജേന്ദ്രന് പറഞ്ഞു.
മൂന്നാര്‍ സര്‍വീസ് സഹ. ബാങ്കില്‍ ക്രമക്കേട് നടന്നതായുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഇതിനെതിരെ ബാങ്ക് ഭരണസമിതിയും സിപിഎം ജില്ലാ നേതൃത്വവും വിശദീകരണവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് സിപിഎം നേതാവിനെതിരെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: