ന്യൂദല്‍ഹി: ഭാരത ക്രിക്കറ്റ് ടീം പരിശലീക സ്ഥാനത്തെത്തിയ ഗൗതം ഗംഭീര്‍ പുതിയ ബൗളിങ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോണ്‍ മോര്‍ക്കലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. ബിസിസിഐ തീരുമാനം അന്തിമമായിരിക്കും മുന്‍ ഭാരത പേസ് ബോളര്‍ സഹീര്‍ ഖാന് ഉള്‍പ്പെടെയുള്ളവരെയാണ് ബിസിസിഐ കണ്ടുവച്ചിരിക്കുന്നത്.
കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വരെ മോണ്‍ മോര്‍ക്കല്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം ബൗളിങ് കോച്ച് ആയിരുന്നു. 2006-2018 കാലത്താണ് മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനൊപ്പം ഉണ്ടായിരുന്നത്. ഗംഭീറിന് ഐപിഎല്‍ ടീം ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് മോണ്‍ മോര്‍ക്കല്‍ ബൗളിങ് കോച്ച് ആയിരുന്നു. അക്കാലത്ത് ഇരുവരും ഒരുമിച്ച പ്രവൃത്തിച്ചതിന്റെ അനുഭവ സമ്പത്തിനെ മുന്‍നിര്‍ത്തിയാണ് പുതിയ പരിശീലകനില്‍ നിന്നും ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ഭാരതത്തിന് പ്രഥമ ട്വന്റി20 ലോകകപ്പും രണ്ടാം ഏകദിന കിരീടവും നേടിത്തന്ന ഭാരത ടീമില്‍ ഉണ്ടായിരുന്ന സഹീര്‍ ഖാന് പുറമെ മുന്‍ ബൗളര്‍ ലക്ഷ്മിപതി ബാലാജി, വിനയ് കുമാര്‍ എന്നിവരാണ് ബിസിസിഐ നോട്ടമട്ടുവച്ചിരിക്കുന്ന ബൗളിങ് കോച്ചുമാര്‍. ഇവരെ മറികടന്ന് മോര്‍ക്കലിനെ ഇവിടെയെത്തിക്കണമെങ്കില് സാമ്പത്തിക ചിലവും ഏറെയായിരിക്കും. നിലവില്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് മോര്‍ക്കല്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്.
പുതിയ ബൗളിങ് പരിശീലകന് ടീമിനൊപ്പമെത്തുമ്പോള്‍ നിലവില്‍ ആ സ്ഥാനത്തുള്ള പരസ് മാംബ്രെ ഒഴിയേണ്ടിവരും. രാഹുല്‍ ദ്രാവിഡ് പ്രധാന പരിശീലകനായിരിക്കെ കഴിഞ്ഞ മൂന്ന് വര്‍ഷമായി മാംബ്രെ ബൗളിങ് കോച്ചായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: