ശക്തിസ്വരൂപമായും മാതൃരൂപമായുമാണ് നാം ഭാരത ഭൂമിയെ സങ്കല്‍പ്പിക്കുന്നത്. ഭാരതത്തിന്റെ ശക്തി ഭാവങ്ങളെല്ലാം തന്നെ മാതൃഭാവത്തിലുള്ളതാണ്. മഹാദേവന്റെ ശക്തിപോലും പാര്‍വ്വതീ ദേവിയുടെ കടാക്ഷമാണ്. അര്‍ദ്ധ നാരീശ്വര സങ്കല്‍പത്തിലാണ് നാം ശിവപാര്‍വ്വതിമാരെ ദര്‍ശിക്കുന്നത്. സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വേദത്തെ ശ്രുതി ഭഗവതിയായാണ് നാം ആരാധിക്കുന്നത്. വേദം ശക്തിയുടെ സവിശേഷ ഭാവമായതുകൊണ്ട് വേദത്തെ മാതൃഭാവത്തിലാണ് സങ്കല്‍പ്പിക്കുന്നത്. ഗായത്രീ ദേവിയാണ് വേദത്തിന്റെ അന്തഃസത്ത. ജ്ഞാനത്തിന്റെ ശക്തിരൂപമായ ഭഗവത് ഗീതയും നമുക്ക് മാതാവാണ്. എല്ലാ ദേവതകളുടേയും സംഗമസ്ഥാനമായ, പ്രകൃതിയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ ഗോവും നമുക്ക് മാതാവാണ്. ശക്തിയുടെ ദേവതയായി ദുര്‍ഗ്ഗയേയും ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയേയും വിദ്യാദേവതയായി സരസ്വതിയേയും നമ്മള്‍ ആരാധിക്കുന്നു. സ്ത്രീ രൂപത്തിലാണ് ശക്തീ ഭാവത്തെ നാം ദര്‍ശിക്കുന്നത്. കരുത്തിന്റെ പ്രതീകമാണവള്‍, കരുതലിന്റേയും.
സാമൂഹികജീവിതത്തില്‍ ദ്രൗപദിയേയും വ്യക്തിജീവിതത്തില്‍ സീതാദേവിയേയുമാണ് സ്ത്രീകള്‍ മാതൃകയാക്കേണ്ടത്. മഹാഭാരതത്തില്‍ ദ്രൗപദി എന്ന അമ്മ അനുഭവിച്ചത്രയും പീഡനം അനുഭവിച്ച ഏത് സ്ത്രീയുണ്ട്?. 48-ാമത്തെ വയസ്സില്‍ കൗരവ സഭയില്‍ വച്ച് വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു. 10 വര്‍ഷം കഴിഞ്ഞപ്പോള്‍ കൗരവ സഹോദരി ദുശ്ശളയുടെ ഭര്‍ത്താവായ ജയദ്രഥന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കരുത്തുകൊണ്ട് എതിരിട്ടവള്‍. തന്നെ അപമാനിക്കാന്‍ ശ്രമിച്ച കീചകന് രാത്രിക്ക് രാത്രി മറുപടി കൊടുത്ത സാക്ഷാല്‍ സൈലന്ദ്രി. അഞ്ച് മക്കള്‍ മരണപ്പെട്ട് കണ്‍മുമ്പില്‍ കിടക്കുമ്പോള്‍ അതിന് കാരണക്കാരായവരുടെ ശിരച്ഛേദം കഴിഞ്ഞേ ജലപാനം ചെയ്യു എന്ന് ദൃഢപ്രതിജ്ഞയെടുത്ത അമ്മയാണ് ദ്രൗപദി. വര്‍ത്തമാനകാലത്തെ സ്ത്രീയ്‌ക്ക് ഉത്തമ മാതൃക.
വ്യക്തി ജീവിതത്തില്‍ മാതൃകയാക്കേണ്ടത് സീതയെ ആണ്. തന്റെ സഹോദരങ്ങളേയും മാതാപിതാക്കളെയും ഭര്‍ത്താവിനെയും അരുമയായി സ്‌നേഹിച്ച സ്ത്രീരത്‌നം. പ്രലോഭനങ്ങളില്‍ വീഴാത്തവള്‍. സ്വന്തം ഭര്‍ത്താവിനെ ആരാധ്യ ദൈവമായി കരുതിയവള്‍. രാവണന്‍ എന്ന ദുഷ്ടന്റെ മുമ്പില്‍ അടിപതറാതെ നിലകൊണ്ട ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്തമ മാതൃക.
ത്രേതായുഗവും ദ്വാപരയുഗവും കടന്ന് കലിയുഗത്തിലെത്തി നില്‍ക്കുമ്പോള്‍ വഴിതെറ്റുന്ന കൗമാരത്തിന് വഴികാട്ടാന്‍ സീതയെ പോലെ, ദ്രൗപദിയെപ്പോലെയുള്ള മാതൃത്വം വേണം.
‘മഹാഭാരതം ശാന്തി പര്‍വ്വത്തില്‍ പറയുന്നത്’
നാസ്തി മാതൃസമാ ഛായ
നാസ്തി മാതൃ സമാ ഗതി
നാസ്തി മാതൃസമം ത്രാണം
നാസ്തി മാതൃ സമാ പ്രിയ
അമ്മയ്‌ക്കൊത്ത മറ്റൊരു തണല്‍ ഇല്ല. അമ്മയ്‌ക്ക് തുല്യമായ ഒരു സഹായമില്ല. അമ്മയ്‌ക്ക് സമാനമായ ഒരു രക്ഷയില്ല. അമ്മയെപ്പോലെ പ്രിയമായ മറ്റൊന്നില്ല. അമ്മ എന്നത് അടിസ്ഥാനമാണ്. അമ്മയില്‍ നിന്നാണ് എല്ലാം ഉയിര്‍കൊള്ളുന്നത്. ഇന്നത്തെ കുമാരിമാരാണ് ഭാവിയിലെ അമ്മമാര്‍.
കരുതലും കരുത്തുമാണ് കുമാരിമാര്‍ക്ക് അമ്മ പകര്‍ന്നു നല്‌കേണ്ടത്. ഈ കുമാരിമാര്‍ക്കുവേണ്ടിയാണ് മഹിളാ ഐക്യവേദി കുമാരി സംഗമം(മുകുളം-2024) സംഘടിപ്പിക്കുന്നത്. പെണ്‍കുട്ടികളെ സംസ്‌കാര സമ്പന്നരും ദേശഭക്തിയും സത്യസന്ധതയും ആദര്‍ശശുദ്ധിയും ആത്മാര്‍ത്ഥതയും സേവന സന്നദ്ധതയുള്ളവരുമായി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പലവിധ അപചയങ്ങളില്‍ അകപ്പെടാതെ അവരെ രക്ഷിക്കുകയെന്നതാണ് ധര്‍മ്മം. പുരോഗമന ചിന്തയുടേയും ആധുനികതയുടേയും പേരില്‍ നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തികള്‍ കൂടി വരികയാണ്. അഭിനവ മാരീചന്മാര്‍ നമ്മുടെ പെണ്‍കുട്ടികളെ ഉന്നം വയ്‌ക്കുന്നു. ഇവരുടെ പ്രലോഭനങ്ങളില്‍ അകപ്പെടാതെ സ്വാഭിമാനത്തോടെ, കുരുത്തോടെ മുന്നേറാന്‍ കുമാരിമാരെ പ്രാപ്തരാക്കണം. സമൂഹത്തിന് അവര്‍ ഉത്തമ മാതൃകകളാകണം.
ഇത്തരം ചിന്തകളെ പ്രോജ്ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സാമൂഹ്യമുന്നേറ്റത്തിന് സ്ത്രീശക്തി’എന്ന ആശയം ഉള്‍ക്കൊണ്ട് സ്ത്രീ സമൂഹത്തിന്റെയിടയില്‍ മഹിളാ ഐക്യവേദി ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നത്. സ്വാഭിമാനത്തെ ഉയര്‍ത്തുവാനും ആചാരാനുഷ്ഠാന സംരക്ഷണത്തിനും സാംസ്‌കാരിക വിദ്യാഭ്യാസം പകരാനും, സാമൂഹ്യ പ്രശ്‌നങ്ങളില്‍ അവബോധവും ചെറുത്തുനില്‍പ്പും സാധ്യമാക്കാനും മഹിളാ കൂട്ടായ്മയിലൂടെ ഐക്യബോധം ഉണര്‍ത്താനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണിത്.
നാടിന്റെ നാരീശക്തികളായ നാളെയുടെ പ്രതീക്ഷകളായ പെണ്‍കുട്ടികളെ നേരായ വഴിയിലൂടെ നയിക്കാന്‍ ചില പ്രവര്‍ത്തനങ്ങള്‍ വേണമെന്ന ചിന്തയില്‍ നിന്നാണ് കുമാരിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മഹിളാ ഐക്യവേദി ആലോചിച്ചത്. ജീവിതം ഒരു യാത്രയാണ്. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയുള്ള ആ യാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളെയും കെണിയൊരുക്കുന്ന മാരീചന്മാരെയും തിരിച്ചറിയാനുള്ള മനോബലം കൈവരിക്കാന്‍ നമ്മുടെ തലമുറകള്‍ക്ക് കഴിയണം. പുതുതലമുറകള്‍ക്ക് കരുത്തും കരുതലും പകര്‍ന്നു കൊടുക്കുവാന്‍ മാതൃശക്തിക്കാവണം. സാമൂഹ്യപരിവര്‍ത്തനത്തിന് പ്രേരണാശക്തിയായി കുമാരിമാരെ ഉയര്‍ത്തുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം. നേതൃ ഗുണമുള്ള പെണ്‍കുട്ടികള്‍ കരുത്തും കരുതലും നേടി സമൂഹത്തിന്റെ കാവലാളുകളാവട്ടെ. ഈ ആശയത്തിന്റെ ആവിഷ്‌കാരമാണ് ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ഹാളില്‍ നാളെ നടക്കുന്ന പ്രഥമ കുമാരി സംഗമം.
(മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: