ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് ജില്ലയായി പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ബിജെപി, ജെഡിഎസ് നേതാക്കള്‍ ശക്തമായി രംഗത്ത്. നിയമസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ആര്.അശോക കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ചു.
കോണ്‍ഗ്രസ് രാമനഗരയിലെ ”രാമ” എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിര്‍ദ്ദേശം കൊണ്ടുവരാന്‍ അവരെ പ്രേരിപ്പിച്ചത്, ആര്.അശോകന് പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കവും ഇതിനു പിന്നില്‍ ഉണ്ടാകാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രാന്‍ഡ് ബെംഗളൂരു എന്ന പേരില്‍ ബെംഗളൂരുവിലെ ജനങ്ങളെ അവര്‍ ഇതിനകം വഞ്ചിച്ചുകഴിഞ്ഞു, ഇപ്പോള്‍ രാമനഗരയുടെ പേരുമാറ്റത്തിലൂടെ അവര്‍ ആ ജില്ലയിലെ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
2007ല്‍ ബിജെപി-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ കാലത്താണ് രാമനഗര ജില്ല രൂപീകരിച്ചതെന്നും അശോക പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന് ഇരുപാര്‍ട്ടികളോടും പതികാരം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമനഗര ജില്ലയുടെ പേര് മാറ്റുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആശയമാണോയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഡ വഴി ഭൂമി തട്ടിയെടുത്ത ശേഷം രാമനഗര ജില്ലയിലെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണോയെന്നും അശോക ചോദിച്ചു.
കോണ്‍ഗ്രസ് രാമനഗരയെ എന്നും അവഗണിച്ചുവെന്നും ജില്ലയുടെ പേര് മാറ്റാന്‍ ശ്രമിക്കുന്നത് പ്രീണന രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും,അവര്‍ ജില്ലയെ രാഷ്ട്രീയ പ്രാതിനിധ്യത്തിനായി മാത്രം ഉപയോഗിച്ചു, ഒന്നും ചെയ്തിട്ടില്ലെന്നും ബിജെപി സര്‍ക്കാരില്‍ ജില്ലാ ചുമതലയുള്ള മന്ത്രിയായിരുന്ന മുന്‍ ഉപമുഖ്യമന്ത്രി ഡോ സിഎന്‍ അശ്വത് നാരായണന് പറഞ്ഞു.
ജെഡിഎസ് യുവജന വിഭാഗം പ്രസിഡന്റ് നിഖില്‍ കുമാരസ്വാമിയും രാമനഗരയുടെ പേര് മാറ്റത്തിനെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെ നീക്കത്തില്‍ പ്രീണന രാഷ്ട്രീയമുണ്ടെന്ന് നിഖില്‍ കുമാരസ്വാമി ആരോപിച്ചു. ഈ സ്ഥലവും അതിന്റെ പേരും അതിന്റേതായ പ്രത്യേകത കൊണ്ട് പ്രധാനമാണ്. എന്തുകൊണ്ടാണ് അവര്‍ അതിന്റെ പേര് മാറ്റുന്നത്? ചില വിഭാഗങ്ങളെ വശീകരിക്കാന്‍ ചില ഹിഡന്‍ അജണ്ടകളുണ്ട്, നിഖില്‍ കുമാരസ്വാമി പറഞ്ഞു.
രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് ജില്ല എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒരു സംഘം കൂട്ടാളികളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കിയിരുന്നു. രാമനഗര താലൂക്ക് ജില്ലാ ആസ്ഥാനമായി നിലനിര്‍ത്തിക്കൊണ്ട് രാമനഗരയുടെ പേര് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് പേരുമാറ്റാനുള്ള ശ്രമം മാത്രമാണെന്നും ജില്ലയുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോള്‍, 2007-ല്‍ ബെംഗളൂരു റൂറല്‍ ജില്ലയില്‍ നിന്ന് വിഭജിച്ചാണ് രാമനഗര ജില്ല രൂപീകരിച്ചത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡികെ ശിവകുമാറിന്റെ സഹോദരന് ഡികെ സുരേഷ് ബാംഗ്ലൂര്‍ റൂറല്‍ മണ്ഡലത്തില്‍ കുമാരസ്വാമിയുടെ ഭാര്യാ ഹോദരന് ഡോ. സി.എന്‍ മഞ്ജുനാഥിനെതിരെ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: