തിരുവനന്തപുരം: കോഴിക്കോട് സിപിഎമ്മിലെ പി.എസ്.സി കോഴ ആരോപണത്തെ പൂർണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി. ചോദ്യത്തോര വേളയില്‍ എം.കെ. മുനീറിനുവേണ്ടി എന്‍.ഷംസുദ്ദീനാണ് വിഷയം ചൂണ്ടിക്കാട്ടിയത്.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ സെന്റര്‍ അംഗവുമായ നേതാവ് ഒരു ഡോക്ടറുടെ പക്കൽ നിന്നും 60 ലക്ഷം രൂപ ചോദിച്ചുവെന്നും 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിന് മുമ്പും പിഎസ്സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട്ടുനിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക, ഷംസുദ്ദീന് ചോദിച്ചു.
എന്നാൽ ഈ ആരോപണത്തെ പൂർണ്ണമായി തള്ളാതെയായിരുന്നു പിണറായിയുടെ മറുപടി. സംസ്ഥാനത്ത് പി എസ് സി എന്നത് ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്നും അതിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രവർത്തനങ്ങളിലും അഴിമതി നടന്നിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ഉയർന്നുവന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പറഞ്ഞു.
ഇതിനിടെ, പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം നടപടി നടപടി ആരംഭിച്ചിട്ടുണ്ട്. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ന്ന് മാറ്റുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നടപടി ഔദ്യോഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: