കൊച്ചി: വിദേശത്തേക്കാള്‍ പത്തിലൊന്ന് നിരക്കില്‍ ഭാരതത്തില്‍ അര്‍ബുദ ചികിത്സ ലഭ്യമാണെന്നും ചികിത്സക്കായി നമ്മള് മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന സാഹചര്യം മാറിയെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ സംസ്ഥാനത്തെ ആദ്യത്തെ കാര്‍-ടി സെല്‍ തെറാപ്പി സെന്റര്‍ ഓഫ് എക്സലന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. പ്രതാപന് നായര്‍, അഡ്മിനിസ്ട്രേറ്റര്‍ ഡോ. വിദ്യ, ഹെല്‍ത്ത് സയന്‍സസ് റിസര്‍ച്ച് ഡീന്‍ ഡോ. ദാമോദരന്‍ വാസുദേവന്‍, നാനോ സയന്‍സസ് ഡീന്‍ ഡോ. ശാന്തികുമാര്‍ നായര്‍, ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാര്ത്ഥന്, അസി. പ്രൊഫ. ഡോ. മോനിഷ ഹരിമാധവന്, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് വിഭാഗം മേധാവി എസ്.എ. രേഷ്മ, ഇമ്മ്യൂണോ ആക്ട് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഷിരിഷ് ആര്യ എന്നിവര്‍ സംസാരിച്ചു.
കാര്‍ ടി സെല്‍ സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്‍ ടി സെല്‍ തെറാപ്പിയെപ്പറ്റിയുള്ള സിംപോസിയവും നടത്തി. ലെ മെറിഡിയനില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹെമറ്റോളജിസ്റ്റുമാര് പങ്കെടുത്തു.
ശരീരത്തിലെ പ്രതിരോധ കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി കാന്‍സറിനെതിരെ പൊരുതാന്‍ പ്രാപ്തമാക്കുന്ന ചികിത്സാരീതിയാണ് കിമറിക് ആന്റിജന്‍ റിസപ്റ്റര്‍ ടി-സെല്‍ തെറാപ്പിയെന്ന കാര്‍ ടി-സെല്‍ തെറാപ്പി. ഒന്നിലധികം തവണ രക്താര്‍ബുദം ബാധിച്ചവര്‍ക്കാണ് ഇതു പ്രധാനമായും പ്രയോജനപ്പെടുക. ഐഐടി മുംബൈ ഇന്‍കുബേറ്റഡ് കമ്പനിയായ ഇമ്മ്യൂണോ ആക്ടുമായി സഹകരിച്ചാണ് കേരളത്തില്‍ ആദ്യമായി അമൃത ആശുപത്രി ഈ ചികിത്സ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: