ന്യൂഡൽഹി: ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തിന് വാഗ്ദാനം ചെയ്ത ‘ഇതാണ് കാര്യം’ 100 ദിന കർമ്മ പദ്ധതിക്ക് തുടക്കമാവുന്നു. തിരുവനന്തപുരം പൊഴിയൂരിലെ തീരദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കാൻ ഫിഷറീസ് മന്ത്രാലയത്തിൽ നിന്ന് വിദഗ്ധ സംഘത്തെ നിയോഗിച്ച് നടപടികൾ ആരംഭിക്കാൻ അടിയന്തരമായി ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗിന് നിവേദനം നൽകി. തീരദേശ ഗ്രാമങ്ങളെ സംരക്ഷിക്കുന്നതിനായി മിനി ഹാർബർ, പുലിമുട്ട് നിർമ്മാണം എന്നിവയുൾപ്പെടുന്ന സമഗ്ര കർമ്മപദ്ധതി തയ്യാറാക്കുകയാണ് വേണ്ടതെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
2024 മാർച്ചിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ വെച്ചിരുന്നു. അദ്ദേഹം ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ഫിഷറീസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന ഉറപ്പും അന്നേരം തന്നെ നൽകിയിരുന്നു. ഇതേത്തുടർന്നാണ് മുൻഗണനാടിസ്ഥാനത്തിൽ അവരുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രി ഇടപെടണമെന്ന അഭ്യർത്ഥന നടത്തിയത്.
പൊഴിയൂർ, പരുത്തിയൂർ, കൊല്ലങ്കോട് വില്ലേജുകളിലെ നിരവധി വീടുകൾ കടൽക്ഷോഭം മൂലം അപകടാവസ്ഥയിലാണ്. തിരുവനന്തപുരം ജില്ലയിലെ 42 ൽപ്പരം മത്സ്യബന്ധന ഗ്രാമങ്ങളിലായി താമസിക്കുന്ന 2,66,854- ലധികം മത്സ്യത്തൊഴിലാളികളടങ്ങുന്ന സമൂഹം ദൈനംദിന ജീവിതത്തിൽ ഏറെ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ഫിഷറീസ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതോടൊപ്പം വലിയതുറ പാലം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും സത്വരനടപടികൾ കൈക്കൊള്ളണമെന്നും രാജീവ് ചന്ദ്രശേഖർ ഫിഷറീസ് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. 2021 മെയ് മാസമുണ്ടായ ചുഴലിക്കാറ്റിൽ 204 മീറ്റർ നീളമുള്ള കടൽപ്പാലത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയുണ്ടായി. കടൽപ്പാലം പുനഃസ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ശ്രീ രാജീവ് ചന്ദ്രശേഖറിനു മുന്നിൽ വെച്ചിരുന്നു. ‘ഇനി കാര്യം നടക്കും’ എന്ന തന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇക്കാര്യം അദ്ദേഹം ഉൾപ്പെടുത്തുകയും ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന്റെ കോപ്പി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യനും രാജീവ് ചന്ദ്രശേഖർ നൽകി.
ഏറെ നാളായി ദുരിതമനുഭവിക്കുന്ന പൊഴിയൂരിലെയും വലിയതുറയിലെയും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ 100 ദിവസത്തെ അജണ്ടയുടെ പട്ടികയിൽ പ്രധാനം.
വൈകിയാണെങ്കിലും തീരദേശ മേഖലകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് കോൺഗ്രസ് എം.പി ശശി തരൂരും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന ശ്രമങ്ങളെയും രാജീവ് ചന്ദ്രശേഖർ അനുമോദിച്ചു. ആത്മാർത്ഥതയും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടായിരുന്നെങ്കിൽ വർഷങ്ങൾക്ക് മുമ്പേ തീരദേശ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ തന്റെ പ്രവർത്തനങ്ങൾ ഇതര രാഷ്ട്രീയ നേതാക്കളെ ഉണർത്താനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: