ലണ്ടൻ : തന്റെ ഹൈന്ദവ വിശ്വാസത്തെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഹിന്ദു വിശ്വാസത്തിന്റെ മഹത്വം വിളിച്ചോതിയത്.
ഭാര്യ അക്ഷതാ മൂർത്തിയ്ക്കൊപ്പമായിരുന്നു ക്ഷേത്ര ദർശനം. പ്രചോദനത്തിന്റേയും ആശ്വാസത്തിന്റേയും ഉറവിടമാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ക്ഷേത്ര ദർശനം. ‘ഞാനും ഹിന്ദുവാണ്. എന്റെ വിശ്വാസത്തിൽ നിന്ന് പ്രചോദനവും ആശ്വാസം നേടാൻ സാധിക്കുന്നുവെന്നും ദർശനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു’ ഋഷി സുനക് പറഞ്ഞു.
‘ഫലത്തെ കുറിച്ചോർത്ത് ആകുലപ്പെടാതെ കടമകൾ നിർവഹിക്കാനാണ് ഭഗവദ് ഗീത നമ്മെ പഠിപ്പിക്കുന്നത്. അതുതന്നെയാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതും, അങ്ങനെ തന്നെയാണ് ഞാൻ എന്റെ ജീവിതം നയിക്കുന്നതും. എന്റെ മക്കളിലേക്കും ഇത് പകരാൻ ആഗ്രഹിക്കുന്നു. ധർമ്മമാണ് എന്നെ നയിക്കുന്നത്. അതാണ് സാമൂഹികസേവനത്തോടുള്ള എന്റെ സമീപനം’ അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനേയും അദ്ദേഹം അഭിനന്ദിച്ചു. “എല്ലാവർക്കും ക്രിക്കറ്റ് വിജയത്തിൽ സന്തോഷമുണ്ടോ?” എന്നാണ് അദ്ദേഹം ചോദിച്ചത്. പിന്നാലെ ജനക്കൂട്ടം ആഹ്ലാദത്തോടെയും കരഘോഷത്തോടെയും പ്രതികരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: