കൊച്ചി: പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനെ എസ്ഐ അപമാനിച്ചതില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ പോലെ തന്നെ ജനങ്ങള്‍ക്കു നിര്ഭയമായെത്താവുന്ന ഇടമാകണം പോലീസ് സ്റ്റേഷനുകളെന്ന് കോടതി പറഞ്ഞു.
കൊളോണിയല്‍ സംസ്കാരം പോലീസ് തുടരരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയായി പോലീസിനെ മാറ്റരുത്. പോലീസ് സ്റ്റേഷനില്‍ വരാന്‍ പൊതുസമൂഹത്തിന് ഭയമുണ്ടാക്കുന്ന തരത്തില്‍ പെരുമാറരുതെന്നും ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്കി. ഭരണഘടനാനുസൃതമായി മാന്യമായും ന്യായമായും പോലീസ് ജനങ്ങളോട് പെരുമാറണം. പോലീസ് ഓഫീസര്‍മാര്‍ മാന്യരായിരിക്കണം. പോലീസ് നടപടികളില്‍ സുതാര്യത വേണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
കേസില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് നേരത്തേയും പൊലീസിനെ വിമര്‍ശിച്ചിരുന്നു. ആലത്തൂര്‍ മുന്‍ എസ്ഐ വി.ആര്. റനീഷിനെതിരേയുള്ള കോടതിയലക്ഷ്യ കേസിലാണ് നിര്‍ദേശങ്ങള്‍.
ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു. ഡിജിപിയുടെ സര്‍ക്കുലറിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആവര്‍ത്തിച്ചു. ചെയ്ത തെറ്റിനു നടപടിയെടുത്താല്‍ എങ്ങനെ പോലീസിന്റെ ആത്മവീര്യം നഷ്ടപ്പെടുമെന്ന് മനസിലാകുന്നില്ലെന്നും ആ ആത്മവീര്യം അത്ര ദുര്‍ബലമാണെങ്കില്‍ അങ്ങു പോകട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. പദവിയിലിരുന്നു തെറ്റു ചെയ്യുന്നവര്‍ ആ പദവിയില്‍ തുടരാന്‍ യോഗ്യരല്ലെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: