നെടുമങ്ങാട്/കാണ്‍പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മയിലുണ്ടായ സ്ഫോടനത്തില്‍ വീരമൃത്യുവരിച്ച ധീര സൈനികര്‍ വിഷ്ണുവിനും ശൈലേന്ദ്രയ്ക്കും വീരോചിതമായി വിട നല്കി ജന്മനാട്. സിആര്‍പിഎഫ് കോബ്ര യൂണിറ്റ് 201 ബറ്റാലിയന് അംഗം നന്ദിയോട് ഫാം ജങ്ഷന് അനിഴം ഹൗസില്‍ വിഷ്ണുവിന്റെ ഭൗതിക ശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കാണ്‍പൂരില്‍ പതിനായിരങ്ങളാണ് ശൈലേന്ദ്രയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തത്.
ഇന്നലെ പുലര്‍ച്ചെ 1.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച വിഷ്ണുവിന്റെ ഭൗതികദേഹം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് നന്ദിയോട് താന്നിമൂട്ടില്‍ വിഷ്ണു പുതിയതായി പണികഴിപ്പിച്ച പനോരമ എന്ന വീട്ടിലും അവിടെ നിന്നും ഫാം ജങ്ഷനിലെ കുടുംബവീടായ അനിഴം ഹൗസിലും എത്തിച്ചു. നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. രാവിലെ 10.30ന് നന്ദിയോട് ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് മുന്നിലെ പൊതുദര്ശനത്തില് നൂറുകണക്കിനാളുകള്‍ വിഷ്ണുവിന് ആദരമര്‍പ്പിച്ചു. തുടര്‍ന്ന് വിഷ്ണു പഠിച്ച നന്ദിയോട് എസ്കെവി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്കൂളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ശേഷം കരിമണ്‍കോട് ശാന്തികുടീരത്തില്‍ ഔേദ്യാഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഗവര്‍ണര്‍ വിഷ്ണുവിന്റെ വീട്ടിലെത്തി അച്ഛന് രഘുവരനെയും അമ്മ അജിതയെയും ഭാര്യ നിഖിലയെയും മക്കളായ നിര്ദേവിനെയും നിര്വിനെയും ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി ജി.ആര്. അനില്‍ തുടങ്ങി നിരവധി പേര് വിഷ്ണുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. നന്ദിയോട് പഞ്ചായത്തില്‍ വ്യപാരികള്‍ കടയടച്ച് വിഷ്ണുവിന് ആദരവ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: