അഡ്വ. ബി. ഗോപാലകൃഷ്ണന്
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്
ഇന്ത്യന്‍ ഭരണഘടനയേയും, ഭരണഘടനാ സ്ഥാപനങ്ങളേയും അട്ടിമറിച്ച ചരിത്രം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. എന്നാല്‍, രാഹുല്‍ ഗാന്ധിയും ഇന്‍ഡി സഖ്യത്തിന്റെ നേതാക്കളും ഇന്ന് ഭരണഘടനയുടെ പേരില്‍ ആരോപണം ഉന്നയിക്കുന്നത് മോദി സര്‍ക്കാരിനെതിരെയാണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ സംവരണം ഇല്ലാതാക്കി ഭരണഘടന അട്ടിമറിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യമെങ്ങും ഇവര്‍ പ്രചരിപ്പിച്ചു. യാഥാര്‍ത്ഥ്യത്തെ നിഴലാക്കിയും നിഴലിനെ യാഥാര്‍ത്ഥ്യമാക്കിയും കുപ്രചരണം നടത്തിയവര്‍ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഭരണഘടന അട്ടിമറിച്ച് ജനാധിപത്യ ധ്വംസനം നടത്തിയ ചരിത്രം തമസ്കരിക്കുന്നത് അപഹാസ്യമാണ്.
ഫാസിസവും ഭരണഘടനാസ്ഥാപനങ്ങളുടെ രാഷ്ട്രീയവത്കരണവും വിമര്‍ശനായുധമാക്കിയിട്ടും 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. മുനയൊടിഞ്ഞ ആയുധങ്ങള്‍ തേച്ചുമിനുക്കി ഭരണഘടന കൈയിലുയര്‍ത്തി ജനാധിപത്യം സംരക്ഷിക്കുമെന്ന് രാഹുലും പ്രിയങ്കയും വീമ്പ് പറയുമ്പോള്‍ തങ്ങളുടെ മുത്തശ്ശിയും മുത്തച്ഛനും ഭരണഘടനയെ ചങ്ങലക്കിട്ട് കോടതികളെ തടവിലാക്കി നടത്തിയ ജനാധിപത്യ വിരുദ്ധ നെറികേടുകള്‍ക്ക് ആദ്യം മാപ്പ് പറയുകയാണ് വേണ്ടത്. പത്രമാധ്യമങ്ങളുടെ വായ് മൂടികെട്ടി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി ഇരുമ്പഴിക്കുള്ളിലാക്കിയ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഫാസിസത്തിന്റെ പ്രഖ്യാപനം ഇന്നേക്ക് 49 വര്‍ഷം മുമ്പ് 1975 ജൂണ്‍ 25നായിരുന്നു നടന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിട്ടാണ് അത് അറിയപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും കോടതി വിധികളെ വിലകല്‍പ്പിക്കാതെ അവഗണിച്ചും ഭരണഘടനയെ ഏകാധിപത്യത്തിന്റെ മറയാക്കിയും രാജ്യം ഭരിച്ച പെണ് ഹിറ്റ്ലറായിരുന്നു ഇന്ദിരാഗാന്ധി.
ഇന്ദിര എന്ന പെണ് ഹിറ്റ്ലര്‍
1975 ജൂണ്‍ മാസം 25-ാം തിയ്യതി ഇന്ത്യമയങ്ങും നേരം ഇന്ദിര, രാഷ്ട്രപതിക്ക് നല്കിയ രഹസ്യ സന്ദേശം അദ്ദേഹം വായിച്ചുപോലും നോക്കാതെ ഒപ്പിട്ടതോടെ ഇരുണ്ട കാലഘട്ടത്തിന്റെ ഇരുമ്പഴികള്‍ ജനാധിപത്യ വിശ്വാസികളെകൊണ്ട് നിറഞ്ഞു. ജനാധിപത്യത്തിന് വേണ്ടി പോരാടിയവരെ തേടി കുറുവടിയും തോക്കും ബയണറ്റും അടക്കം മാരകായുധങ്ങളുമായി വീടുവീടാന്തരം അരിച്ച് പെറുക്കിയ പോലീസുകാര്‍ പുതിയ പുതിയ മര്‍ദ്ദനമുറകള്‍ ജനങ്ങളില്‍ പരീക്ഷിച്ചു. നാലായിരത്തില്‍ പരം ആളുകള്‍ ജയിലറകളില്‍ അടയ്ക്കപ്പെട്ടു. 29 കസ്റ്റഡി മരണങ്ങള് ഉണ്ടായി. 1273 പേര്‍ക്ക് മാത്രം സൗകര്യമുള്ള തീഹാര്‍ ജയിലില്‍ 3750 പേരെ കുത്തിക്കയറ്റി. ദല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റ് ഒഴിപ്പിക്കല്‍ സംഭവത്തില്‍ നിരവധി പേരെ കാണാതായി. നവീന്‍ ചൗള എന്ന ഇന്ദിരാഗാന്ധിയുടെ ഏജന്റിന്റെ പ്രധാന പണി താല്‍ക്കാലിക ജയില്‍ പണിയുക എന്നതായിരുന്നു. രാജ്യത്താകമാനം ലക്ഷക്കണക്കിനാളുകള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ സമര രംഗത്തിറങ്ങി. അവരെയെല്ലാം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കി. നീതിയും നിയമവും നിഷേധിച്ച് തടവറയില്‍ അടയ്ക്കുകയും ചെയ്തു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പ്രധാനകാരണം അലഹബാദ് ഹൈക്കോടതി വിധിയായിരുന്നു. അഴിമതിയോടെ രാജ്യം ഭരിച്ച ഇന്ദിരാ ഗാന്ധിയുടെ ഹുങ്കിന് കിട്ടിയ പ്രഹരമായിരുന്നു 1975 ജൂണ്‍ 12ന് വന്ന കോടതി വിധി. അഴിമതിക്കെതിരെ ലോകനായക് ജയപ്രകാശ് നാരായണിന്റെ നേത്വത്തില്‍ രാജ്യത്താകമാനം ഉയര്‍ന്നുവന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഇരമ്പലില്‍ അമ്പരപ്പിലായ സമയത്താണ് തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയും ആറ് വര്‍ഷം അയോഗ്യത കല്പ്പിച്ചും കോടതി വിധി വന്നത്. ഇതോടെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജൂണ്‍ 26ന് വെളുപ്പിന് 4.30-ന് രണ്ട് മണിക്കൂറിനുള്ളില്‍ കാബിനറ്റ് വിളിച്ച് തന്റെ ഇംഗിതങ്ങള്‍ നടപ്പാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിന് മുമ്പ് പുലര്‍ച്ച 2 മണി മുതല്‍ ദല്‍ഹിയെ ഇരുട്ടിലാക്കി പത്രമാധ്യമങ്ങളെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് തടഞ്ഞു. 1975 ജൂണ്‍ 12-ന് പ്രസ്താവിച്ച വിധി സുപ്രീംകോടതി ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ സ്റ്റേ ചെയ്യുകയും ഇന്ദിരാഗാന്ധിക്ക് പാര്‍ലമെന്റില്‍ തുടരാന്‍ അനുവാദം കൊടുക്കുകയും ചെയ്തതോടെയാണ് കിട്ടിയ അവസരം മുതലാക്കി ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പത്തെ കളങ്കപ്പെടുത്തി 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സ്വേച്ഛാധിപത്യം ഭരണഘടനാ ഭേദഗതികളിലൂടെ
39 മുതല്‍ 42 വരെയുള്ള ഭരണഘടനാ ഭേദഗതികളിലൂടെ ഭരണഘടനയില്‍ സമൂലമായ മാറ്റം കൊണ്ടുവന്നു. ഭരണഘടനയുടെ മൗലികാവകാശങ്ങളെ തരംതാഴ്ത്തി. ആമുഖം മുതല്‍ ഏഴാം ഷെഡ്യൂള്‍ വരെ മാറ്റങ്ങള്‍ കൊണ്ടുവരികയും സെക്യുലര്‍, സോഷ്യലിസ്റ്റ് തുടങ്ങിയ യൂറോപ്യന്‍ മണമുള്ള മുദ്രാവാക്യങ്ങള്‍ എഴുതി ചേര്‍ക്കുകയും പുതുതായി പാര്‍ട്ട് കഢ പാര്‍ട്ട് XI-VA തുടങ്ങിയവ അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ 36-ല്‍ പരം അനുഛേദങ്ങളിലാണ് ഭേദഗതി ഉണ്ടാക്കിയത്. ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തുകയും ജുഡീഷ്യല്‍ റിവ്യൂവിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന മൗലിക സ്വഭാവം മാറ്റാന്‍ പാടില്ലെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മരവിപ്പിക്കപ്പെട്ടു. സമത്വത്തിന്റെയും, സ്വാതന്ത്ര്യത്തിന്റേയും ആണിക്കല്ലായി കരുതുന്ന 14,19,21 അനുഛേദങ്ങള്‍ അട്ടിമറിക്കുകയും അനുഛേദം 257 ഭേദഗതി ചെയ്ത് ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കാനും ശ്രമിച്ചു. മന്ത്രി സഭയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനും പുന:പരിശോധിക്കാനുമുള്ള പ്രസിഡന്റിന്റെ അധികാരവും എടുത്ത് കളഞ്ഞു. ഒരു സ്വേച്ഛാധിപത്യ ഭരണത്തിലെ ഏകാധിപതിയുടെ കാല്‍ക്കീഴിലെ ചവിട്ടുകല്ലാക്കി ഭരണഘടനയെ മാറ്റിയ കൊള്ളരുതായ്മ ചോദ്യം ചെയ്യാന്‍ അനുവദിക്കാതെ പൗരാവകാശങ്ങള്‍ക്ക് പോലും ചങ്ങലയിടാനാണ് ഇന്ദിരാഗാന്ധി ശ്രമിച്ചത്.
ഭരണഘടന പൗരന്റെ അധികാര അവകാശങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന അധികാര പ്രമാണമാണ്. ഇത് ഒരു രാജ്യത്തിന്റെ അടിത്തറയാണ്. ഫാസിസം വരുന്നേ എന്ന് ഇന്ന് വിളിച്ച് കൂവുന്ന കോണ്‍ഗ്രസ് നേതാക്കളും ഇന്‍ഡി സംഖ്യവും ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികളെക്കുറിച്ച് മൗനം പാലിക്കുന്നത് അപലപനീയമാണ്.
കോണ്‍ഗ്രസിന്റെ ജനാധിപത്യ പ്രസ്ഥാനം നെഹ്റുവില്‍ നിന്ന് ആരംഭം
ഭരണകൂടം ജനങ്ങള്‍ക്ക് നല്കുന്ന ഉറപ്പാണ് മൗലീകാവകാശങ്ങളും നിര്‍ദ്ദേശകതത്വങ്ങളുമായി ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ളത്. ജനാധിപത്യത്തില്‍ ഭരണകൂടത്തേക്കാള്‍ അധികാരം ജനങ്ങള്‍ക്കാണ്. എന്നാല്‍, ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന നിയമങ്ങള്‍ ജനവിരുദ്ധവും ജനാധിപത്യത്തിന് വിഘാതവുമാണ്. മൗലീകാവകാശങ്ങളെ പരിമിതപ്പെടുത്തുന്ന Resonable ഞലേെൃശരശേീി ആദ്യ ഭരണഘടനാ ഭേദഗതി കൊണ്ടു വരുമ്പോള്‍ നെഹ്റുവിന് വ്യക്തമായ രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ടായിരുന്നു. മുന്‍കൂട്ടി ആരേയും തടങ്കലില്‍ വയ്ക്കാനുള്ള അധികാരം ഭരണഘടനാ ദേദഗതിയിലൂടെ നടപ്പിലാക്കിയ നെഹ്റു ജനാധിപത്യത്തിന്റെ മാതൃകാ ശില്‍പ്പി എന്നറിയപ്പെടുന്നുണ്ടെങ്കിലും സ്വന്തം സ്ഥാനമാനങ്ങളും അധികാരവും നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ആദ്യ മന്ത്രി സഭയിലെ അംഗങ്ങളായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജിയോടും ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിനോടും നെഹ്റു ചെയ്ത ഏകാധിപത്യ മനോഭാവം അവരുടെ അന്ത്യയാത്രയിലും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗം ചെയ്ത് പിരിച്ചുവിട്ട കോണ്‍ഗ്രസിന്റെ ചരിത്രം തുടങ്ങുന്നത് നെഹ്റുവില്‍ നിന്നാണ്. ആറ് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ 90 പ്രാവശ്യമാണ് ജനങ്ങള്‍ തെരഞ്ഞടുത്ത സര്‍ക്കാരുകളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടത്. 1947-മുതല്‍ 2024 വരെയുള്ള 106 ഭരണഘടനാ ഭേദഗതികളില്‍ 75 എണ്ണം കോണ്‍ഗ്രസിന്റെ വകയാണ്. 1973-ല്‍ സുപ്രീം കോടതിയില്‍ പിടിമുറുക്കാന്‍ ജസ്റ്റിസ് എന്‍.എന്‍. റായിയെ നിയമിച്ചത് മൂന്ന് സീനിയര്‍ ജഡ്ജിമാരായ കെ.സ്.ഹെഗ്ഡേ, ഗ്രോവര്‍, ജെ.എം.ഷെലാറ്റ് എന്നിവരുടെ സീനിയോരിട്ടി മറികടന്നുകൊണ്ടായിരുന്നു. 1977-ല്‍ ജസ്റ്റിസ് എച്ച്.ആര്. ഖന്നയുടെ സീനിയോരിട്ടി മറികടന്ന് എം.എച്ച്.ബെഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഉന്നത നീതിപീഠത്തെ വരുതിയിലാക്കാനുള്ള ഹീന ശ്രമമാണ് കോണ്‍ഗ്രസ് ചെയ്തത്. അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം ഏറെ ചര്‍ച്ചചെയ്യപ്പെടാറുണ്ടെങ്കിലും ഭരണഘടനയില്‍ കോണ്‍ഗ്രസ് നടത്തിയ അട്ടിമറി ഇനിയും ചര്‍ച്ചാ വിഷയമാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: