തിരുവനന്തപുരം: ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ടൂറിസം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്.
കോടികള്‍ വകയിരുത്തിയ പദ്ധതി നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്ന് സബിമിഷനില് വിമര്‍ശനം. ടൂറിസം മന്ത്രി നിയമസഭയ്ക്ക് നല്കിയ ഉറപ്പുപോലും പാലിച്ചില്ലെന്നും കടകംപള്ളി ആഞ്ഞടിച്ചു.
കരാര്‍ കൃത്യസമയത്ത് നടത്താനുള്ള ഉത്തരവാദിത്തം കാണിക്കാതെ ടൂറിസം വകുപ്പ് പദ്ധതി അട്ടിമറിച്ചെന്നും നീട്ടിക്കൊണ്ടുപോയെന്നും കടകംപള്ളി വിമര്‍ശിച്ചു. നാലു ലക്ഷം രൂപ ചെലവില്‍ കണ്‍സള്‍ട്ടന്‍സിയെ തന്നിഷ്ടപ്രകാരം ടൂറിസം വകുപ്പ് നിയമിച്ചതെന്തിനെന്ന ചോദ്യവും കടകംപള്ളി ഉന്നയിച്ചു. 225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാന്‍ 185 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. 96.13 കോടി രൂപയ്ക്ക് ആദ്യഘട്ട പണി തീര്‍ക്കാന്‍ കരാറുകാരനുമെത്തി. പക്ഷെ കരാറില്‍ ഒപ്പിട്ട് തുടര്‍ നടപടികള്‍ ഉറപ്പാക്കാന്‍ നടത്തിപ്പ് ഏജന്‍സിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ലെന്നും വിമര്‍ശനം ഉന്നയിച്ചു.
പണം അനുവദിച്ച കിഫ്ബിയുടെ ടെക്നിക്കല്‍ കമ്മിറ്റി പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് മാത്രം പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി അവസാനിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ നിര്‍മാണം വൈകുന്നതിനെതിരെയും കടകംപള്ളിയും മുഹമ്മദ് റിയാസും പോരിലേക്ക് എത്തിയിരുന്നു. ഒടുവില്‍ പാര്‍ട്ടി ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള പേര് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: