ന്യൂദൽഹി: പതിനെട്ടാം ലോക് സഭയുടെ ആദ്യ സമ്മേളനം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് സഭാ അംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടെം സ്പീക്കർ ഭർതൃഹരി മഹ്താബിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കേരളത്തിൽ നിന്നുള്ള എംപി മാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നടക്കും.
രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി എംപി ഭർതൃഹരി മഹ്താബ് പ്രോട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഭർതൃഹരി മഹ്താബിന് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മണിക്ക് ലോക്സഭയിൽ സഭാനടപടികൾ ആരംഭിച്ചു. അടുത്ത മാസം മൂന്നാം തിയതിവരെയാണ് സമ്മേളനം.
പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കും പ്രതിഷേധത്തിനും ഇടെയാണ് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമാകുന്നത്. ഭർതൃഹരിയെ പ്രൊട്ടെം സ്പീക്കർ ആക്കിയതാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയത്. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ പ്രൊട്ടെം സ്പീക്കർ ആക്കണം എന്നാണ് ഇവരുടെ ആവശ്യം.
പ്രോട്ടെം സ്പീക്കറെ സഹായിക്കുന്ന പാനലില്‍ നിന്ന് ഇന്ത്യാ സഖ്യം പിന്മാറിയിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്.ബാലു, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെയാണ് പ്രോട്ടെം സ്പീക്കറുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പാനലില്‍ തുടരില്ലെന്ന് അംഗങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: