പയ്യന്നൂര്‍: കരിവെള്ളൂരില്‍ ഛത്രപതി ശിവാജിയുടെ സ്ഥാനാരോഹണ ദിനത്തിലെ ഹിന്ദുസാമ്രാജ്യദിനാഘോഷം നടന്ന വീടു വളഞ്ഞ് സിപിഎം അക്രമം. പരിപാടിക്കെത്തിയവരെ കൈയേറ്റം ചെയ്തു. വാഹനങ്ങള്‍ക്കു നേരേ അക്രമം നടത്തി. കുണിയനില്‍ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ബിജെപി മണ്ഡലം കമ്മിറ്റി അംഗം കുണ്ടത്തില്‍ ബാലന്റെ വീട്ടിലായിരുന്നു പരിപാടി. നൂറിലധികം സിപിഎമ്മുകാര്‍ വീടു വളഞ്ഞുനിന്നു മൂന്നു മണിക്കൂറോളം ഭീഷണി മുദ്രാവാക്യങ്ങള്‍ മുഴക്കി. രാത്രി പത്തോടെ പോലീസ് വന്ന ശേഷമാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ പുറത്തു പോയത്.
ആര്‍എസ്എസ് ആയുധ പരിശീലനത്തിനു തയാറെടുക്കുന്നെന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാണ് സിപിഎമ്മുകാര്‍ അക്രമം ആസൂത്രണം നടത്തിയത്. പ്രശ്നമൊന്നുമില്ലാത്ത പ്രദേശത്തെ കരുതിക്കൂട്ടിയുള്ള അക്രമത്തില്‍ പ്രതിഷേധം വ്യാപകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കു വോട്ടു വര്‍ധിച്ചതാണ് അക്രമത്തിനു കാരണം. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയില്‍ പോലീസ് നൂറിലധികം സിപിഎമ്മുകാരുടെ പേരില്‍ കേസെടുത്തു.
സിപിഎമ്മിന്റെ ഫാസിസത്തെ എന്തുവില കൊടുത്തും തോല്പിക്കുമെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പദ്മനാഭന് പറഞ്ഞു. സംഭവ സ്ഥലത്തെ പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗങ്ങളായ സി. നാരായണന്, അഡ്വ. കെ.കെ. ശ്രീധരന്, സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഗംഗാധരന് കാളീശ്വരം, മണ്ഡലം പ്രസിഡന്റ് പനക്കില്‍ ബാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി മുരളീകൃഷ്ണന് എന്നിവര്‍ സിപിഎമ്മുകാര്‍ അതിക്രമം നടത്തിയ വീടു സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: