ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ ഓഫീസിലേക്ക് അന്വേഷണം.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ തേജസ്വിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രീതം കുമാറിനും അടുത്ത ബന്ധു സികന്ദര്‍ കുമാര്‍ യാദവേന്ദുവിനും ബന്ധമുണ്ടെന്നാണ് ബിഹാര്‍ പോലീസ് കണ്ടെത്തല്‍. സികന്ദര്‍ അറസ്റ്റിലായിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ തേജസ്വിക്കു ബന്ധമുണ്ടെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ ആരോപിച്ചു.
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സികന്ദര്‍ കുമാര്‍ യാദവേന്ദുവിന് പട്നയില്‍ താമസത്തിനും മറ്റും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് തേജസ്വി യാദവിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രീതം കുമാറാണ്. പട്നയിലെ ഗസ്റ്റ് ഹൗസില്‍ സികന്ദറിന്റെ സഹോദരി റീന യാദവിന് പ്രീതം റൂം ബുക്ക് ചെയ്തു കൊടുത്തു. മേയ് ഒന്നിനാണ് പ്രീതം ഗസ്റ്റ് ഹൗസില്‍ വിളിച്ചത്. മെയ് നാലിനു വീണ്ടും വിളിച്ച് മന്ത്രിക്കാണ് മുറിയെന്നു പ്രീതം പറഞ്ഞു. തേജസ്വി യാദവിനെയാണ് പ്രീതം മന്ത്രിയെന്നു വിശേഷിപ്പിച്ചതെന്ന് ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍ജെഡിയുടെ മുഴുവന്‍ സംവിധാനവും കാലങ്ങളായി അഴിമതിക്കാരാല്‍ നിറഞ്ഞിരിക്കുകയാണെന്നും സര്‍ക്കാര്‍ ജീവനക്കാരില്‍ ആര്‍ജെഡിയുടെ ആളുകളുണ്ടെങ്കില്‍ അവരെ കണ്ടെത്തുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ മേയ് നാലിന് ചോര്‍ന്നതായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന യൂണിറ്റ് കണ്ടെത്തിയിരുന്നു. സികന്ദര്‍ തന്റെ സഹോദരന്റെ മകനും മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കും ചോദ്യ പേപ്പര്‍ നേരത്തേ നല്കി. മേയ് അഞ്ചിന് റീന യാദവും മകന് അനുരാഗും താമസിച്ച പട്നയിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് ഒഎംആര്‍ ഷീറ്റ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നു കോടി രൂപയുടെ എല്‍ഇഡി അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലിലായ ആളാണ് സികന്ദര്‍ കുമാര്‍ യാദവേന്ദു.
ചോദ്യ പേപ്പര്‍ ചോര്‍ന്നു കിട്ടിയതായി 22കാരനായ അനുരാഗ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. മേയ് നാലിനു തന്നെ ചോദ്യ പേപ്പര്‍ ലഭിച്ചിരുന്നു. ബന്ധുവാണ് നല്‍കിയതെന്നും ബീഹാറിലെ സമസ്തിപൂര്‍ പോലീസിനു നല്കിയ മൊഴിയില്‍ അനുരാഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ കൂടി പോലീസ് പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: