ന്യൂദല്‍ഹി: മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെയും എംപിമാരെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഭാരിമാരായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയ ദേശീയ നേതൃത്വം, നിയമസഭകളിലേക്ക് വിജയം ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങി. ഒക്ടോബര്‍ മാസത്തിലാണ് മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനാണ് മഹാരാഷ്ട്രയുടെ തെരഞ്ഞെടുപ്പ് പ്രഭാരി ചുമതല. കേന്ദ്രറെയില്‍വേ-ഐടി മന്ത്രി അശ്വനി വൈഷ്ണവാണ് സഹപ്രഭാരി.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഹരിയാനയുടെ തെരഞ്ഞെടുപ്പ് പ്രഭാരിയും ത്രിപുര മുന്‍മുഖ്യമന്ത്രിയും ലോക്സഭാ എംപിയുമായ ബിപ്ലവ് കുമാര്‍ ദേബിന് സഹപ്രഭാരി ചുമതലയും നല്കി. കേന്ദ്രകൃഷിമന്ത്രിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ്സിങ് ചൗഹാനാണ് ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രഭാരി.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് സഹപ്രഭാരി. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്ര കല്‍ക്കരി-ഖനി വകുപ്പ് മന്ത്രി ജി. കിഷന് റെഡ്ഡിക്കാണ്.
മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി-എന്‍ഡിഎ സസര്ക്കാരുകളാണ് നിലവിലുള്ളത്. ഝാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിലുള്ള സര്‍ക്കാരാണുള്ളത്. നിരവധി വര്‍ഷങ്ങളായി രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീരില്‍ പത്തുവര്‍ഷത്തിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ അധികാരത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: