കോട്ടയം: ഡിറ്റക്ടീവ് നോവല്‍ രംഗത്ത് കഴിഞ്ഞ തലമുറയുടെ ഹരമായിരുന്ന പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ നോവല്‍ കേരള സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉള്‍പ്പെടുത്തി. 1968-ല്‍ അദ്ദേഹം എഴുതിയ ആദ്യ സയന്റിഫിക് ത്രില്ലറായ ചുവന്ന മനുഷ്യനാണ് പഠിക്കാനുള്ളത്.
ഡിറ്റക്ടീവ് നോവല്‍ രംഗത്ത് 350 ലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. കോട്ടയം ജില്ലയില്‍ സത്യനേശന് പിള്ളയുടെയും റേച്ചലിന്റെയും മകനായി 1937 ല്‍ ജനിച്ച പുഷ്പനാഥന്‍ പിള്ള (സക്കറിയ) ആണ് കോട്ടയം പുഷ്പനാഥായത്. കേരള സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് കോഴിക്കോട്ടും കോട്ടയത്തും അടക്കം വിവിധ സ്കൂളുകളില്‍ അധ്യാപകനായി. ജോലി ഉപേക്ഷിച്ചാണ് നോവല്‍ രചനയിലേക്ക് കടന്നത്.
തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഗുജറാത്തി, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ് , ചുവന്ന അങ്കി എന്നിവ സിനിമകളായി. ഡിറ്റക്ടീവ് മാര്ക്സിന്, പുഷ്പരാജ് എന്നീ രണ്ട് ഡിറ്റക്ടീവുകളാണ് പുഷ്പനാഥിന്റെ നായക കഥാപാത്രങ്ങള്‍.
പുഷ്പനാഥിന്റെ പല പുസ്തകങ്ങളും മുഖ്യധാരാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പുനപ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. 2018 മെയ് 2-ന് 80ാം വയസ്സിലായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: