ബെംഗളൂരു: ഒരു മന്ത്രി രാജിവച്ചെങ്കിലും കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കഥ തീരുന്നില്ല. അഴിമതിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും അടക്കം പങ്കുണ്ടെന്നാണ് ആരോപണം. ഇവരെ രക്ഷിക്കാനാണ് മന്ത്രി നാഗേന്ദ്രയെക്കൊണ്ട് രാജി വയ്പിച്ചതെന്നാണ് സംശയം.
വാത്മീകി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്കായുള്ള 187 കോടി രൂപയില്‍ 88.62 കോടി രൂപ അനധികൃതമായി ചില ഐടി കമ്പനികളുടെ ബാങ്ക് അക്കൗണ്ടിലേക്കും ഹൈദരാബാദിലെ ഒരു സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. ഇത് പുറത്താകുകയും അഴിമതിയില്‍ ബലിയാടാകുകയും ചെയ്തതോടെ കുറിപ്പ് എഴുതി വച്ച് കോര്പ്പറേഷന് ജീവനക്കാരന് ചന്ദ്രശേഖര്‍ ജീവനൊടുക്കി. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയില്‍ കെഎംവിഎസ്ടിഡിസി മാനേജിങ് ഡയറക്ടര്‍ ജെ.ജി. പത്മനാഭ, അക്കൗണ്ടന്റ് പരശുരാമ ദുര്‍ഗന്നനവര്‍, യൂണിയന് ബാങ്ക് മാനേജര്‍ സുചിസ്മിത രാവുള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പണം അനധികൃതമായി കൈമാറ്റം ചെയ്ത കേസില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
കേസ് സിബിഐക്ക് കൈമാറാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയുമാണ് ചെയ്തത്. കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: