കൊച്ചി: ജൂണ്‍ മൂന്നിന് എല്ലാ സെറ്റായി എന്നറിയിച്ചാണ് പുതിയ അധ്യയന വര്‍ഷത്തെ സര്‍ക്കാര്‍ തലത്തില്‍ ആഘോഷത്തോടെ വരവേറ്റത്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ നിരവധി പ്രശ്നങ്ങളാണ് ഇപ്പോഴും തുടരുന്നത്. പാഠപുസ്തക വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല, പലസ്ഥലങ്ങളിലും ഇത് പാതിവഴിയിലാണ്. ഇതിനൊപ്പം യൂണിഫോം വിതരണവും കാര്യക്ഷമമായി പൂര്‍ത്തിയാക്കാനായിട്ടില്ല. 2016ന് ശേഷം ഉച്ചഭക്ഷണത്തിന്റെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമില്ല, ഇതിനൊപ്പം ഇതിന്റെ പണവും കൃത്യമായി വിതരണം ചെയ്യുന്നില്ല.
നാലായിരത്തോളം പ്രഥമ അധ്യാപക തസ്തികള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതിനൊപ്പം ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങള്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. വിദ്യാഭ്യാസ ഓഫീസുകളിലും ഒഴിവുള്ള ഉദ്യോഗസ്ഥരുടെ കുറവ് നികത്താത്ത് മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റുന്ന അവസ്ഥയാണ്. എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് വീതരണവും വര്‍ഷങ്ങളായി നടന്നിട്ടില്ല.
ഇതിനൊപ്പം അധ്യാപകരുടെ ഡിഎയില്‍ 21 ശതമാനം തുക ഇനിയും നല്‍കിയിട്ടില്ല. 39 മാസമായി ഇത് മുടങ്ങി കിടക്കുകയാണ്. കോളേജ് അധ്യാപകര്‍ക്കടക്കം ഡിഎ നല്‍കിയിട്ടും പൊതുവിദ്യാലത്തിലെ അധ്യാപകരെ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. ഇത് കൂടാതെ അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് ഓരോ മാസവും 25 ശതമാനം വീതം തുക ജീവാനന്ദം പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ പിടിക്കുവാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് അധ്യയന ദിനം വര്‍ധിപ്പിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്. അധ്യാപകര്‍ക്ക് ക്ലാസുകള്‍ക്ക് വേണ്ട മുന്‍കൂട്ടിയുള്ള നോട്ടുകള്‍ തയ്യാറാക്കാനും
ഇതോടെ സമയം കിട്ടാതെ വരും. അക്കാദമിക പ്രവര്‍ത്തനത്തിനൊപ്പം അണ്‍അക്കാദമിക്ക് പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനത്തോടെ കുട്ടികള്‍ക്ക് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പോകുവാന്‍ സാധിക്കാതെയും വരും. കഴിഞ്ഞവര്‍ഷം പൊതുവിദ്യാഭ്യാസ മേഖലയില്‍ മാത്രം 94000ല്‍ അധികം കുട്ടികളുടെ കുറവ് വന്നിരുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ കുട്ടികള്‍ ഇനിയും കുറയുമെന്ന ഭയവും അധ്യാപകര്‍ക്കുമുണ്ട്.
മൂല്യനിര്‍ണയത്തിനും പണമില്ല
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് നല്‍കേണ്ട ശമ്പളം നല്‍കിയിട്ടില്ല. 40 മാര്‍ക്കുള്ള ഒരു പേപ്പര്‍ നോക്കുന്നതിന് 6 രൂപയാണ് ലഭിക്കുന്നത്. ഇതിനൊപ്പം ടിഎ അടക്കമുള്ള മറ്റ് ആനൂകൂല്യങ്ങളുമുണ്ട്. എല്ലാം കൂടി ഒരു അധ്യാപകന് 10,000 മുതല്‍ 15,000 രൂപവരെയാണ് ശരാശരി ലഭിക്കുക.
2022ല്‍ നടന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ പണം ഇനിയും കൈമാറിയിട്ടില്ല. എസ്എസ്എല്‍സിയുടെ പാതി തുക മാത്രമാണ് നല്‍കിയത്. ഇതിനൊപ്പം പാഠപുസ്തകങ്ങളില്‍ മാറ്റം വന്നതിനാല്‍ അധ്യാപക ക്ലസ്റ്റര്‍ രൂപീകരിച്ച് അവധിക്കാല പരിശീലനം നല്‍കിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ലഘുഭക്ഷണമോ നല്‍കിയില്ലെന്ന് മാത്രമല്ല ഇതിന്റെ പണവും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: