ആലപ്പുഴ : ലോക്സഭാ മണ്ഡലമായി ആലപ്പുഴ മാറും മുന്‍പ് അമ്പലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായിരുന്നു ആലപ്പുഴ. അമ്പലപ്പുഴ ലോക്സഭാ മണ്ഡലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തട്ടകമായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിച്ചതിനുശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പി.ടി. പുന്നൂസാണ് വിജയിച്ചത്. അന്ന് എതിരാളി കോണ്‍ഗ്രസിലെ മുഹമ്മദ് ഷെരീഫായിരുന്നു.
1962ല്‍ പി.കെ. വാസുദേവന്‍നായരാണ് വിജയിയായത്. അന്ന് മുഖ്യ എതിരാളിയായി പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി മത്സരിച്ചത് ആര്‍എസ്പിയുടെ സ്ഥാപകനേതാക്കളിലൊരാളായ ബേബി ജോണായിരുന്നു. 1967 ആയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രണ്ടുചേരിയായിരുന്നു. അന്ന് സിപിഎമ്മിലെ എസ്. ഗോപാലനാണ് ജയിച്ചത്. അന്നത്തെ മുഖ്യ എതിരാളി കോണ്‍ഗ്രസിലെ പി.എസ്. കാര്‍ത്തികേയനായിരുന്നു. എന്നാല്‍, 1971ല്‍ സിപിഎമ്മിനെ ആര്‍എസ്പി അട്ടിമറിച്ചു. പ്രമുഖ നേതാവ് കെ. ബാലകൃഷ്ണനാണ് അന്ന് ആര്‍എസ്പി
ക്കു വേണ്ടി മത്സരിച്ചത്. സിപിഎമ്മിനുവേണ്ടി രംഗത്തിറങ്ങിയത് സുശീലാ ഗോപാലന്.
1977ലാണ് ആലപ്പുഴ മണ്ഡലം രൂപപ്പെട്ടത്. ആ തിരഞ്ഞെടുപ്പില്‍ ഇ. ബാലാനന്ദനെ തോല്‍പ്പിച്ച് വി.എം. സുധീരന് ആലപ്പുഴയില്‍ വിജയകുതിപ്പ് തുടങ്ങി. എന്നാല്‍, 1980ല്‍ സുശീലാ ഗോപാലന് വിജയിച്ചു. ഓമനപ്പിള്ളയായിരുന്നു എതിരാളി. 1984ല്‍ വക്കം പുരുഷോത്തമനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. സുശീലാ ഗോപാലനെ തോല്‍പ്പിച്ചായിരുന്നു അത്. 1989ലും വക്കം വിജയം തുടര്‍ന്നു. അന്ന് സിപിഎമ്മിലെ കെ.വി. ദേവദാസിനെയാണ് തോല്‍പ്പിച്ചത്. 1991ല്‍ ആഞ്ചലോസിനെ ഇറക്കി സിപിഎം വക്കത്തിന്റെ ഹാട്രിക് മോഹം തകര്‍ത്തു. എന്നാല്‍, 1996ലെ അടുത്ത തിരഞ്ഞെടുപ്പില്‍ വി.എം. സുധീരന് വീണ്ടുമെത്തി ആഞ്ചലോസിനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 1998ലും സുധീരന് വിജയിച്ചു.ഇക്കുറി പരാജയപ്പെട്ടത് സിപിഎമ്മിലെ സി.എസ്. സുജാതയായിരുന്നു.
തുടര്‍ന്ന് 1999ല്‍ നടന് മുരളിയെ ഇറക്കി സുധീരന്റെ ഹാട്രിക് തകര്‍ക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. 2004ല്‍ ഡോ.കെ.എസ്. മനോജിനെ രംഗത്തിറക്കി സിപിഎം, വി.എം. സുധീരനെ തോല്‍പ്പിച്ചു. 2009മുതല്‍ കെ.സി. വേണുഗോപാല്‍ വിജയിച്ചു. ആദ്യം ഡോ. കെ.എസ്. മനോജിനെയും, 2014ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബുവിനെയുമാണ് തോല്‍പ്പിച്ചത്. 2019ലെത്തിയപ്പോള്‍ എ.എം. ആരിഫ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ച് വിജയംനേടുകയായിരുന്നു. 2024 ല്‍ വേണുഗോപാലിലുടെ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: