മലയിന്‍കീഴ്: മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. നാലുപേര്‍ക്ക് പരിക്ക്. പള്ളിച്ചല്‍ മുളമൂട് ഗോകുലത്തില്‍ വയസുള്ള സോമന് നാടാരുടെ കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിനെ ചൊല്ലിയായിരുന്നു ആക്രമണം. സോമന് നാടാരുടെ (82) സ്ഥാപനത്തിന് സമീപം ഭാര്യവീട്ടില്‍ യുവാവിനെ കാണാന്‍ എത്തിയ സുഹൃത്തുക്കള്‍ ആണ് സോമന് നാടാരെയും കുടുംബത്തെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് നടന്ന സംഭവത്തില്‍ സോമന് നാടാര്‍ക്കും സംഭവം കണ്ട് പിടിച്ച് മാറ്റാന്‍ ചെന്ന സോമന് നാടാരുടെ മകള്‍ ഗോപിക (23), സോമന് നാടാരുടെ മകന് തുളസീധരന്‍, ബന്ധു ശിവാനന്ദന് എന്നിവര്‍ക്ക് സംഘത്തിന്റെ ആക്രമണത്തില്‍ വെട്ടേറ്റ് തലക്ക് ഗുരുതര പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഗോപികയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ മാറനല്ലൂര്‍ ഊരുട്ടമ്പലം വാണിയംകോട് മോഹനവിലാസത്തില്‍ വിഷ്ണു മോഹന്‍ (39), മലയിന്‍കീഴ് ഗോവിന്ദമംഗലം പ്ലാങ്കാലവിള വീട്ടില്‍ രാഹുല്‍ (29), മാറനല്ലൂര്‍ കൂവളശ്ശേരി കടുക്കറക്കോണം വിശ്വഭവനില്‍ കാംബ്ലി എന്ന വിനോദ് (43), മാറനല്ലൂര്‍ ഊരുട്ടമ്പലം കാരണംകോട് സുഭദ്ര ഭവനില്‍ കുട്ട് എന്ന പ്രവീണ്‍ (33), മാറനല്ലൂര്‍ ഊരുട്ടമ്പലം വാണിയംകോട് മോഹനവിലാസത്തില്‍ രാഹുല്‍ എന്ന ശ്രീരാജ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഭവം ഇങ്ങനെ: രതീഷിന്റെ ഭാര്യവീടിന് സമീപത്ത് സോമന് നാടാര്‍ മൂത്രമൊഴിക്കുന്നതു പതിവാക്കുകയും ഇത് രതീഷ് ചോദ്യം ചെയ്തു വിലക്കുകയും ചെയ്തിട്ടും സോമന് നാടാര്‍ ഇത് അവഗണിച്ചു. സംഭവ ദിവസം രതീഷിന്റെ ഭാര്യവീട്ടില്‍ രതീഷിനെ കാണാന്‍ എത്തിയ സുഹൃത്തുക്കള്‍ ഇവിടെ ഇരുന്ന് മദ്യപിക്കുകയും സോമന് നാടാരുടെ വിഷയം സംസാരിക്കുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കള്‍ സോമന് നാടാരുടെ ശ്രദ്ധയില്‍ പെടുന്നതിനു വേണ്ടി ഇയാള്‍ കാണുന്ന രീതിയില്‍ മൂത്രമൊഴിച്ചു. ഇത് സോമന് നാടാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവങ്ങള്‍ അക്രമത്തിലേക്ക് വഴിമാറിയത്.
അസഭ്യം വിളിച്ചെത്തിയ സംഘം സോമന് നാടാരുടെ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു എന്ന് പരിക്കേറ്റവര്‍ പോലീസിന് മൊഴി നല്കി. കമ്പിപ്പാരകളുമായി അതിക്രമിച്ചു കയറി സോമന്നാടാര്, ബന്ധുക്കള്‍ എന്നിവരെ ക്രൂരമായി മര്‍ദിച്ചു. കമ്പിപ്പാര കൊണ്ട് സോമന്‍നാടാരുടെ തല അടിച്ചു പൊട്ടിച്ചു. നടുവിനും പൊട്ടല്‍ സംഭവിച്ചു. തലയില്‍ പതിനാല് തുന്നലുണ്ട്. കാലിലും വിരലിനും വാരിയെല്ലിനും പരിക്കുണ്ട്. സംഭവം കണ്ട് തടയാന്‍ പോയ ശിവാനന്ദനും കമ്പിപ്പാര കൊണ്ട് തലയില്‍ അടിയേറ്റ് 12 തുന്നല്‍ ഉണ്ട്. നിലവിളിച്ചു ഓടിയെത്തിയ ഗോപികയെ കുനിച്ചു നിര്‍ത്തി ഇടത് തോളിലും മുതുകിലും ഇടിച്ചു. ഇവര്‍ക്കും കാര്യമായ പരിക്കുണ്ട്. സോമന് നാടാരുടെ മകന് തുളസീധരനും ആക്രമണത്തില്‍ തലയില്‍ എട്ടോളം തുന്നലുണ്ട്. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: