ന്യൂദല്‍ഹി: കടുത്ത ഉഷ്ണതംരഗത്തെ തുടര്‍ന്ന് കുടിവെള്ളത്തിനായി വലഞ്ഞ് ദല്‍ഹി. ദൈനംദിന ആവശ്യങ്ങള്‍ക്കായി കുടിവെള്ള ടാങ്കറുകള്‍ കാത്ത് നില്ക്കുന്നവരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഹരിയാനയില്‍ നിന്ന് വെള്ളമെത്തിക്കുന്നത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
അതിനിടെ, വനനശീകരണത്തില്‍ ഇന്നത്തെ തലമുറ നിലവിലെ സ്ഥിതി തന്നെ തുടര്‍ന്നുകൊണ്ടു പോയാല്‍ അധികം താമസിയാതെ രാജ്യ തലസ്ഥാനം തരിശ് മരുഭൂമിയായി മാറുമെന്ന് ദല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം.
അതേസമയം, ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടിങ്ങിനിടെ ഉത്തര്‍പ്രദേശില്‍ മാത്രം 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു. യുപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ പുറത്തുവിട്ട കണക്കുകളാണിത്. ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സികന്ദര്‍പൂര്‍ ബൂത്തിലെ ഒരു വോട്ടറും കടുത്ത ചൂടില്‍ മരിച്ചു. റാം ബദാന്‍ ചൗഹാനാണ് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
സുരക്ഷാ ജീവനക്കാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരാണ് വോട്ടിങ്ങിനിടെ മരിച്ചത്. ലക്നൗവില്‍ ഇലക്ടറല്‍ വോട്ടിങ് മെഷീന് കാവല്‍ നിന്ന പോലീസ് കോണ്‍സ്റ്റബിളും മരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ റിപ്പോര്‍ട്ട് തേടി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എല്ലാ പോളിങ് ബൂത്തിലും കൂളറുകളും മറ്റ് സൗകര്യങ്ങളുമുണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അധികൃതര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: