ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപിയും എന്‍ഡിഎയും. നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും വിവിധ തെരഞ്ഞെടുപ്പ് സര്‍വേകളും ചൂണ്ടിക്കാട്ടുന്നു. 2014ല്‍ 282, 2019ല്‍ 303 സീറ്റും നേടി അധികാരത്തിലെത്തിയ ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡി സഖ്യത്തിനായിട്ടില്ല.
543 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ആറു ഘട്ടങ്ങളും പൂര്‍ത്തിയാക്കി അവസാനത്തെയും ഏഴാമത്തെയും ഘട്ടത്തിനാണ് നാളെ രാജ്യം സാക്ഷിയാകുന്നത്.
നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളില്‍ 25ലും 2019ല്‍ ബിജെപിയാണ് വിജയിച്ചത്. അഞ്ചു സീറ്റുകള്‍ എന്‍ഡിഎ കക്ഷികളായ അപ്നാ ദള്‍, ജെഡിയു എന്നിവര്‍ക്കാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ലഭിച്ചത് എട്ട് സീറ്റുകള്‍ മാത്രമായിരുന്നു. ഒന്‍പത് സീറ്റുകള്‍ തൃണമൂലും ബിജെഡി നാലും ജെഎംഎം, ആപ്പ് എന്നിവര്‍ ഓരോ സീറ്റ് വീതവും അകാലിദള്‍, ബിഎസ്പി എന്നിവര്‍ രണ്ട് വീതം സീറ്റുകളുമാണ് നേടിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ തട്ടകമായ ഗോരഖ്പൂരും ഉള്‍പ്പെടെയുള്ള 13 മണ്ഡലങ്ങളിലാണ് ഉത്തര്‍പ്രദേശില്‍ അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ഒന്‍പതും 2019ല്‍ ബിജെപിക്കായിരുന്നു. രണ്ട് സീറ്റ് അപ്നാദളും രണ്ട് സീറ്റ് ബിഎസ്പിയുമാണ് നേടിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാള്‍, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഒഡീഷ, ഝാര്‍ഖണ്ഡ്, ചണ്ഡീഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. അവിടെയാണെങ്കില്‍ ആപ്പുമായി സഖ്യമില്ലാതെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
ശക്തമായ പോരാട്ടം നടക്കുന്ന ബംഗാളില്‍ ബിജെപിക്ക് അനുകൂല അന്തരീക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: