ബെംഗളൂരു: ഭാരതത്തിലെ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്മോസിന്റെ അഗ്നിബാന്‍ റോക്കറ്റ് വിക്ഷേപണം വിജയം. സെമി ക്രയോജനിക് എന്ജിന് ഉപയോഗിച്ചിട്ടുള്ള ഭാരതത്തിന്റെ ആദ്യത്തെ റോക്കറ്റാണിത്. പൂ
ര്‍ണമായും തദ്ദേശീയമായാണ് അഗ്നിബാന്‍ സോര്‍ട്ടെഡ് (അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക് ഡെമോണ്‍സ്ട്രേറ്റര്‍) റോക്കറ്റ് വികസിപ്പിച്ചത്.
റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ രാവിലെ 7.15ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. ലോകത്തെ ആദ്യ സിംഗിള്‍ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എന്‍ജിനായ അഗ്നിലെറ്റിന്റെ പരീക്ഷണമായിരുന്നു ദൗത്യലക്ഷ്യം.
ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണിത്. വിക്ഷേപണ ശേഷം റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഓക്സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണിത്.
കെറോസിനും മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജനും അടങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനമാണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അഗ്നികുല്‍ കോസ്മോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകന്‍ എസ്.പി.എം. മോയിന്‍ പറഞ്ഞു.
എസ്ആര്‍ഒ ഇതുവരെ സെമിക്രയോജനിക് എഞ്ചിന് റോക്കറ്റ് പരീക്ഷിച്ചിട്ടില്ല. 2000 കിലോ ന്യൂട്ടണ്സ് ത്രസ്റ്റ് സെമി-ക്രയോജനിക് എഞ്ചിന് വികസിപ്പിക്കുകയാണ്. ഇതിന്റെ ആദ്യ ഇഗ്നിഷന്‍ ടെസ്റ്റ് മെയ് 2ന് നടത്തിയിരുന്നു. അഗ്നികുല്‍ കോസ്മോസിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ഭാരതത്തിന് ഇത് വലിയ നാഴികക്കല്ലാണെന്നും ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചു.
വെറും രണ്ട് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വിക്ഷേപണ ദൗത്യമായിരുന്നു അഗ്നിബാന്‍ റോക്കറ്റിന്റേത്. വിക്ഷേപിച്ച് രണ്ട് മിനിട്ടിനുള്ളില്‍ റോക്കറ്റ് കടലില്‍ പതിച്ചു. 575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ ഉയരവുമാണ് റോക്കറ്റിനുള്ളത്. ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ എഥര്‍നെറ്റ് അധിഷ്ഠിത ഏവിയോണിക് ആര്‍ക്കിടെക്ചറും ഓട്ടോപൈലറ്റ് സോഫ്റ്റ്വെയറും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. നാല് കാര്‍ബണ്‍ കോമ്പോസിറ്റ് ഫിനുകളും റോക്കറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്.
സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് നേരത്തെ നാല് തവണ അഗ്നിബാന്‍ സോര്‍ട്ടഡ് റോക്കറ്റിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു. 2017 ല്‍ എയറോസ്പേസ് എന്‍ജിനീയര്‍മാരായ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം. മോയിനും ചേര്‍ന്നാണ് അഗ്നികുല്‍ കോസ്മോസിന് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: