തൊടുപുഴ: കെഎസ്ഇബി പത്തനംതിട്ട മൂഴിയാര്‍ ജനറേഷന് സര്‍ക്കിളിലെ വനിത ഉദ്യോഗസ്ഥയുടെ സ്ഥലമാറ്റം സംബന്ധിച്ച വിവാദങ്ങള്‍ 15 മാസം കഴിഞ്ഞിട്ടും കെട്ടടങ്ങുന്നില്ല. മന്ത്രി ഇടപെട്ടിട്ടും മനപൂര്‍വം വൈകിപ്പിച്ച സ്ഥലമാറ്റം പിന്നീട് അനുവദിച്ചത് ജന്മഭൂമി വാര്‍ത്തയ്ക്ക് പിന്നാലെ. ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തന്നെ അട്ടിമറിച്ചിരിക്കുകയാണ്.
15 മാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. സ്ഥലം മാറ്റം ലഭിച്ചെങ്കിലും, മൂഴിയാര്‍ അസി. ഫിനാന്‍സ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥയെ മേലധികാരികളുടെ അഴിമതിക്ക് കൂട്ട് നില്‍ക്കാത്തതിനാല്‍ സ്ഥലമാറ്റം നല്‍കാതെ വലയ്ക്കുകയായിരുന്നു. ഇത് വിവാദമായതോടെ സ്ഥലമാറ്റം നല്കി. പക്ഷെ സ്ഥലം മാറ്റ ദിവസം യാത്രയയപ്പ് പോലും നല്‍കാതെ ഒരു മീറ്റിങ്ങിന് നാലു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. മീറ്റിങ് അവസാനിച്ച്, അവസാന ബസും പോയെന്ന് ഉറപ്പാക്കിയ ശേഷം, വൈകിട്ട് അഞ്ചേകാലോടെ റിലീവിങ് ലെറ്റര്‍ കൈമാറി. ഇതോടെ ബുദ്ധിമുട്ടിലായ ഉദ്യോഗസ്ഥ ഒരു ദിവസത്തേക്ക് താമസിക്കാന്‍ ഇന്സ്പെക്ഷന് ബംഗ്ലാവില്‍ സൗകര്യം അഭ്യര്‍ത്ഥിച്ചെങ്കിലും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സന്തോഷ് ഇതനുവദിച്ചില്ല.
മടങ്ങാന്‍ വാഹനം ലഭിക്കാതെ വന്നതോടെ അവര്‍ മൂഴിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് അവിടെ നിന്ന് പറഞ്ഞുവിട്ട ഓട്ടോറിക്ഷയില്‍ അവര്‍ ചിറ്റാറില്‍ എത്തി. രാത്രിയില്‍ ഇവിടെ മുറി വാടകയ്ക്കെടുത്തു. പുലര്‍ച്ചെയാണ് ബസില്‍ പത്തനംതിട്ടയ്ക്ക് പോയത്. കൂടുതല്‍ പരാതിക്ക് പോകാതെ ഉദ്യോഗസ്ഥ കെഎസ്ഇബി മൂവാറ്റുപുഴ സര്‍ക്കിള്‍ അസി. ഫിനാന്‍സ് ഓഫീസറായി പോയി.
നാല് മാസത്തിന് ശേഷം, അന്നത്തെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്ഥലം മാറി പോയതിന് ശേഷം, ഫയല്‍ മോഷണം പോയെന്ന് കാട്ടി ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ് ലഭിച്ചു. എല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് വിടുതല്‍ നല്‍കിയതെങ്കിലും ഇതില്‍ പേനകൊണ്ട് കാണാതായ ഫയലിന്റെ പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു.
ഇതോടെ വനമേഖലയായിട്ടും സ്ഥലംമാറ്റം വൈകിപ്പിച്ചെന്നും താമസ സൗകര്യമോ വാഹനമോ നല്‍കിയില്ലെന്നും കാട്ടി ഉദ്യോഗസ്ഥ പരാതി നല്കി. എന്നാല്‍ കെഎസ്ഇബിയോ പോലീസോ കേസെടുക്കാതെ ഒളിച്ചുകളിച്ചു. പിന്നാലെ പട്ടികജാതി, വര്‍ഗ കമ്മിഷന് മുഖാന്തിരം പരാതി നല്കി.
കമ്മിഷന് നടത്തിയ തെളിവെടുപ്പില്‍ നിജസ്ഥിതി ബോധ്യപ്പെട്ട് കോന്നി ഡിവൈഎസ്പിയോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഡിവൈഎസ്പി രാജപ്പന് ടി. പ്രതികളായ മൂന്നുപേരെയും ഉദ്യോഗസ്ഥയേയും വിളിച്ച് ഒത്തു തീര്‍പ്പിനായി ശ്രമം. ഇതിന് വഴങ്ങാതെ വന്നതോടെ പ്രധാനപ്പെട്ട രണ്ടുപേരെ ഒഴിവാക്കി ഡെപ്യൂട്ടി സിഇയ്ക്കെതിരെ മാത്രം പോലീസ് 2023 ഡിസംബറില്‍ കേസെടുത്തു (എഫ്ഐആര്‍ നമ്പര്‍ 227/2023).
ഇദ്ദേഹവും പിന്നാലെ വന്ന ഡിവൈഎസ്പി പി. നിയാസും കേസ് അന്വേഷണം അട്ടിമറിച്ച്, പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ സാക്ഷികളാക്കി മൊഴിയെടുത്തു. പരാതിക്കാരിയുടെ ആരോപണം കളവാണെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മെയ് 21ന് റഫറല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
ആരോപണ വിധേയനായ ഉദ്യോഗസ്ഥന് ഇന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ സംരക്ഷിക്കാനുള്ള പോലീസിന്റെ ഈ വിചിത്ര നടപടി. ഇതിനിടെ കഴിഞ്ഞ ദിവസം മറുപടി കൊടുത്ത ശേഷവും മൂഴിയാറില്‍ നിന്ന് പുതിയ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ വക രണ്ടാമത്തേ നോട്ടീസും ലഭിച്ചു. ഇദ്ദേഹവും ഇന്ന് വിരമിക്കുകയാണ്.
പരാതി അന്വേഷിച്ചത് ആരോപണ വിധേയന്!
ഇതേ വിഷയത്തില്‍ കോന്നി ഡിവൈഎസ്പി കേസന്വേഷണം അട്ടിമറിക്കുന്നതായി കാട്ടി മലയരയ സംരക്ഷണ സമിതി സെക്രട്ടറി സി.ഐ. ജോണ്സണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നല്കിയ പരാതിയില്‍ പിന്നീടുണ്ടായത് വലിയ ഒത്തുകളിയാണ്. പരാതിയില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തി. മുകളില്‍ നിന്ന് പത്തനംതിട്ട എസ്പി വി. അജിത്തിന് കൈമാറിയ പരാതിയിലാണ് ഈ അട്ടിമറി നടന്നത്. കോന്നി ഡിവൈഎസ്പിയെ മാറ്റി പകരം ക്രൈംബ്രാഞ്ചോ, എഎസ്പി നിലയിലുള്ള വനിതയോ സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: