നോര്‍വ്വെ ചെസ്സില്‍ ക്ലാസിക് ഗെയിമില്‍ തന്നെ മാഗ്നസ് കാള്‍സനെ തോല്പിച്ച് 18 കാരന് പ്രജ്ഞാനന്ദ. മാഗ്നസ് കാള്‍സന്റെ നാടായ നോര്‍വ്വെയില്‍ തന്നെ 18കാരന് മുന്പില് അടിയറവ് പറയേണ്ടിവന്നത് മാഗ്നസ് കാള്സന് വലിയ നാണക്കേടായി. ആദ്യ രണ്ട് റൗണ്ടുകളില്‍ ജയം നേടി മുന്നേറിയ മാഗ്നസ് കാള്സന് ഇപ്പോള്‍ പോയിന്റ് നിലയില്‍ പ്രജ്ഞാനന്ദയേക്കാള്‍ പിന്നിലായി.
നിരവധി തവണ റാപ്പിഡിലും ബ്ലിറ്റ്സിലും ഒക്കെ മാഗ്നസ് കാള്‍സനെ മുന്‍പും തോല്പിച്ചിട്ടുണ്ടെങ്കിലും സാവധാനകരുനീക്കങ്ങളുടെ ക്ലാസിക് ചെസ്സില്‍ ഇത് ആദ്യമായാണ് മാഗ്നനസ് കാള്സന് 18കാരന് പ്രജ്ഞാനന്ദയ്ക്ക് മുന്പില് അടിയറവ് പറയുന്നത്.
അപൂര്‍വ്വ ഓപ്പണിംഗിലൂടെ പ്രജ്ഞാനന്ദയെ ഞെട്ടിക്കാന്‍ ശ്രമിച്ചിരുന്നു കാള്സന്. ഈ മാറ്റത്തെ അനായാസം നേരിട്ടു എന്ന് മാത്രമല്ല, അഞ്ച് തവണ ലോകചാമ്പ്യനായ കാള്സന് മേല്‍ അതീവസമ്മര്‍ദ്ദമുണ്ടാക്കുന്ന കരുനീക്കങ്ങള്‍ പ്രജ്ഞാനന്ദ കൊണ്ടുവന്നു. കാള്സന് അതുവരെ ചിന്തിച്ചിട്ടില്ലാത്ത നീക്കങ്ങള്‍. ഇതേക്കുറിച്ച് പ്രജ്ഞാനന്ദ പറയുന്നത് ഇങ്ങിനെ:”പ്രകോപനമുണ്ടാക്കുന്ന ഒരു ഓപ്പണിംഗായിരുന്നു മാഗ്നസ് കാള്‍സന്റേത്. അദ്ദേഹം ഈ ഗെയിമില്‍ പൊരുതി ജയം നേടാനാണ് നോക്കുന്നതെന്ന് തോന്നി. അല്ലെങ്കില്‍ ഏതെങ്കിലും ക്സാസിക് ശൈലിയിലുള്ള ഓപ്പണിംഗ് കാള്സന് കളിക്കുമായിരുന്നു. ഞാനത് കാര്യമാക്കിയില്ല. ഞാന്‍ ഇതിനോട് പൊരുതാമെന്നും എങ്ങിനെയാണ് കാര്യങ്ങള്‍ മുന്നേറുന്നതെന്ന് നോക്കാമെന്നും കരുതി.”
“കാള്സന് എപ്പോഴും ഇത്തരം അപകടകരമായ ഓപ്പണിംഗുകള്‍ കൗമാരക്കാരോട് കളിക്കും. പക്ഷെ തന്നെപ്പോലെയോ ഫാബിയാനോ കരുവാനയോ പോലുള്ളവരോട് പുസ്തകത്തിലുള്ള കളികള്‍ മാത്രമേ കളിക്കൂ.”-കളി നിരീക്ഷിച്ച യുഎസ് ഗ്രാന്റ് മാസ്റ്റര്‍ ഹികാരു നകാമുറ പ്രതികരിച്ചു. ഈ ടൂര്‍ണ്ണമെന്റില്‍ രണ്ടാം റൗണ്ടില്‍ ഹികാരു നകാമുറയെ കാള്സന് തോല്പിച്ചിരുന്നു.
പ്രജ്ഞാനന്ദ കാള്‍സനെതിരെ ബുധനാഴ്ച നേടിയ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം എടുത്തിരുന്നതിനാല്‍ പ്രജ്ഞാനന്ദ സമയത്തിന്റെ കാര്യത്തില്‍ മത്സരത്തില്‍ ഉടനീളം സമ്മര്‍ദ്ദത്തിലായിരുന്നു. എന്നിട്ടും കാള്‍സനെ തോല്പിക്കാനായി എന്നത് പ്രജ്ഞാനന്ദയുടെ കാള്‍സനെതിരായ ആത്മവിശ്വാസത്തിന്റെ കൂടി തെളിവായി. “എനിക്ക് നല്ല മൂഡായിരുന്നു. കളിയുടെ തുടക്കം മുതലേ എന്റെ പൊസിഷന്‍ മെച്ചപ്പെട്ടതാണെന്ന് തോന്നിയിരുന്നു. ചില ഘട്ടങ്ങളില്‍ ഞാന്‍ ചില്ലറ പിഴവുകള്‍ വരുത്തി. ആനയെ (ബിഷപ്പ്) ഇ3, എഫ്6 എന്നീ കളങ്ങളിലേക്ക് മാറ്റിയത് തെറ്റാണെന്ന് തോന്നി. പക്ഷെ അപ്പോഴും ഞാന്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന തോന്നലുണ്ടായിരുന്നു.”-മാഗ്നസ് കാള്സന് പറയുന്നു.
ഇതാണോ കാള്‍സനെതിരെ നേടിയ ഏറ്റവും മികച്ച വിജയം? എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതായിരുന്നു പ്രജ്ഞാനന്ദയുടെ മറുപടി:”അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ട്. നന്നായി കളിച്ചു എന്ന് എനിക്ക് തോന്നുന്നില്ല. ചിലടിയങ്ങളില്‍ നല്ല നീക്കങ്ങള്‍ നടത്താനായി. പക്ഷെ എന്തായാലും ഇതല്ല എന്റെ ബെസ്റ്റ് ഗെയിം.”- പ്രജ്ഞാനന്ദ പറഞ്ഞു.
നോര്‍വ്വെ ചെസില്‍ സംഘാടകര്‍ ഒരു പുതുമ കൊണ്ടുവന്നിരുന്നു. കളിക്കിടയില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് പോയി കളിക്കാരന് കുമ്പസാര മുറിയ്ക്ക് മുന്പില് ചെന്ന് നിന്ന്. എന്ത് വേണമെങ്കിലും പറയാം. ചെയ്യാം. അത് ടിവി റെക്കോഡ് ചെയ്യും. ലോകത്തെ കാണിക്കും. കഴിഞ്ഞ കളിയില്‍ യുഎസിന്റെ ഹികാരു നകാമുറ കാള്‍സനെതിരായ ഗെയിമില്‍ കുമ്പസാരമുറിയിക്ക് മുന്നില്‍ ചെന്ന് നിന്ന് നടത്തിയ പ്രതികരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രജ്ഞാനന്ദയ്ക്കെതിരായ ഗെയിമില്‍ കാള്സന് രണ്ട് തവണ കുമ്പസാര മുറിയില്‍ പോയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എന്തായാലും കാള്‍സനെപ്പോലെ ലോകത്തില്‍ ആര്‍ക്കു മുന്‍പിലും അടിയറവ് പറയാത്ത ചെസ്സിലെ ജീനിയസ്സിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇത്.
ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ഇതോടെ മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ നോര്‍വെ ചെസില്‍ പ്രജ്ഞാനന്ദ പോയിന്റ് നിലയില്‍ മുന്നിലായി. കാരണം നോര്‍വ്വെ ചെസ്സ് ടൂര്‍ണ്ണമെന്റിലെ നിയമപ്രകാരം ക്ലാസിക് ചെസ്സില്‍ ജയിച്ചാല്‍ വിജയിക്ക് 3 പോയിന്റാണ് ലഭിക്കുക. ക്ലാസിക് ഗെയിമില്‍ സമനില വന്നാല്‍ പിന്നീട് നടക്കുന്ന ആര്‍മഗെഡ്ഡോണ്‍ ഗെയിമില്‍ വിജയിക്ക് ഒന്നര പോയിന്റും തോറ്റയാള്‍ക്ക് ഒരു പോയിന്റും കിട്ടും. ഇവിടെ ക്ലാസിക് ഗെയിമില്‍ തന്നെ കാള്‍സനെ തോല്പിച്ചതോടെയാണ് പ്രജ്ഞാനന്ദ മൂന്ന് പോയിന്റ് നേടി ഒന്നാമനായത്. രണ്ടാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനോട് പ്രജ്ഞാനന്ദ പരാജയപ്പെട്ടിരുന്നു. ആദ്യ ഗെയിമില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെ തോല്പിക്കുകയും ചെയ്തിരുന്നു.
പ്രജ്ഞാനന്ദയ്ക്ക് ഈ വിജയത്തോടെ 5.5 പോയിന്റായി. രണ്ടാം സ്ഥാനത്ത് അഞ്ച് പോയിന്റോടെ യുഎസിന്റെ ഫാബിയാനോ കരുവാനയാണ്. മാഗ്നസ് കാള്സന് പ്രജ്ഞാനന്ദയുമായി ക്ലാസിക് ഗെയില്‍ തോറ്റതോടെ പൂജ്യം പോയിന്റാണ് ലഭിച്ചത്. ആദ്യ രണ്ട് റൗണ്ടുകളില്‍ ആര്‍മഗെഡ്ഡോണിലാണ് വിജയിച്ചതെന്നതിനാല്‍ മാഗ്നസ് കാള്സന് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹികാരു നകാമുറ (നാല് പോയിന്റ്), അലിറെസ ഫിറൂഷ (3.5 പോയിന്റ്) എന്നിവര്‍ മൂന്നാം നാലും സ്ഥാനങ്ങളിലാണ്. ഇപ്പോഴത്തെ ലോക ചാമ്പ്യനായ ഡിങ് ലിറന് ആറാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: