കോട്ടയം: കേരളത്തില്‍നിന്ന് ഒഴിവരുന്ന രാജ്യസഭാ സീറ്റുകളില്‍ ജൂണ്‍ 25ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അങ്കലാപ്പിലാണ് . മൂന്ന് സീറ്റുകളാണ് കേരളത്തില്‍ ഒഴിവുവരുന്നത്. എളമരം കരീം (സിപിഎം) ബിനോയ് വിശ്വം (സിപിഐ) ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് മാണി വിഭാഗം) എന്നിവരുടെ കാലാവധിയാണ് ജൂലൈ ഒന്നിന് പൂര്‍ത്തിയാകുന്നത്. നിലവിലുള്ള അംഗസംഖ്യ പ്രകാരം ഇതില്‍ രണ്ടു സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുക. അതില്‍ ഒന്ന് സിപിഎം തന്നെ കൈവശം വയ്ക്കും. രണ്ടാമത്തെ സീറ്റിന്റെ കാര്യത്തിലാണ് സിപിഐയും കേരള കോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കുന്നത്.
ഇക്കാര്യത്തില്‍ എല്‍ഡിഎഫ് വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. സിപിഐക്ക് അനുകൂലമാണ് സിപിഎം എന്ന സൂചനയാണ് പുറത്തുവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. ജൂണ്‍ 6 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 13 ആണ് നാമധേശാ പത്രിക നല്‍കാനുള്ള അവസാന തീയതി.
സീറ്റ് തങ്ങള്‍ക്ക് ലഭിക്കുമെന്നുള്ള കാര്യത്തില്‍ സിപിഐ വലിയ ആത്മവിശ്വാസത്തിലാണ്. 17 നിയമസഭാംഗങ്ങളുള്ള കക്ഷി എന്നതാണ്് സിപിഐയുടെ അതിന് ഒരു കാരണം. കേരള കോണ്‍ഗ്രസിന് അഞ്ച് നിയമസഭാംഗങ്ങള്‍ മാത്രമാണ് ഉള്ളത്. റൊട്ടേഷന്‍ ക്രമം പരിഗണിച്ചാലും സി.പി ഐക്കു തന്നെയാണ് അര്‍ഹത.
കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കോട്ടയം ലോക്സഭാ സീറ്റിലെ വിജയവും സുപ്രധാനമാണ്. ജൂണ്‍ 4 നടക്കുന്ന വോട്ടെടുപ്പില്‍ വിജയിച്ചാല്‍ ശക്തമായ കേരളകോണ്‍ഗ്രസ് എന്ന നിലയ്ക്ക് വിലപേശാനുള്ള അവരുടെ ശേഷി വര്‍ദ്ധിക്കും. തോല്ക്കുകയാണെങ്കില് തഴയപ്പെടും എന്നും ഭയമുണ്ട്. ലോക്സഭാംഗത്വത്തിനു പുറമേ രാജ്യസഭാംഗത്വം കൂടി നഷ്ടപ്പെടുന്നത് ജോസ് കെ.മാണിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ജോസ് കെ മാണിക്ക്് പാര്‍ലമെന്റ്റി പദവികള്‍ ഒന്നുമില്ല എന്ന അവസ്ഥ വരും. ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ്.
അതേസമയം നിലവിലുള്ള സാഹചര്യത്തില്‍ മാണി വിഭാഗത്തെ പിണക്കാന്‍ സിപിഎം തയ്യാറാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷി എന്നനിലയില്‍ മാണി വിഭാഗത്തെ കൂടെ കൂട്ടുക പ്രധാനമാണ്. രാജ്യസഭാ സീറ്റിനു പകരമായി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനായി ജോസ് കെ മണിയെ നിയമിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റിന് പകരം ഇത്തരമൊരു പദവി സ്വീകരിക്കുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമുണ്ട്. തങ്ങള്‍ എല്‍.ഡി.എഫില്‍ തഴയപ്പെട്ടു എന്ന പ്രതീതി ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: