കൊച്ചി: ലൈംഗിക അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരോടും ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടറോടും നിര്‍ദേശിച്ച സംസ്ഥാന പോലീസ് മേധാവിയുടെ കത്തിന്റെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് കീഴ്ക്കോടതികള്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഇടക്കാല അപേക്ഷയില്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന് മറുപടിയായാണ് ഈ വിവരങ്ങള്‍ നല്‍കിയത്. കീഴ്ക്കോടതികളില്‍ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിനു പുറത്തിറക്കിയ മാര്‍ഗരേഖ സര്‍ക്കുലര്‍ ആയി ഇറക്കണമെന്ന സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്നാരോപിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പോലീസ് അന്വേഷണം ആവശ്യപ്പെട്ടു. അതിജീവിത നല്കിയ പ്രധാന ഹര്‍ജി റോസ്റ്റര്‍ പ്രകാരം മറ്റൊരു ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: