രജൗരി(കശ്മീര്‍): വെടിയൊച്ചകള്‍ മുഴങ്ങിയ താഴ്വരയില് ഉയരുന്നത് ഭാരത വിജയമന്ത്രം. മോദി മോദി ആരവം. രജൗരിയില്‍, ബാരാമുള്ളയിലെ റിക്കാര്‍ഡ് പോളിങ്ങിന്റെ ആവേശത്തില്‍ ഇന്ന് പൂഞ്ചിലും തണുപ്പിനെ വകഞ്ഞ് മാറ്റി തെരഞ്ഞെടുപ്പ് ചൂട്… മത്സരം പാര്‍ലമെന്റിലേക്ക് പോകുന്നതിന് വേണ്ടി മാത്രമല്ല, വിഘടനവാദത്തെ മുച്ചൂടും ഇല്ലാതാക്കുന്നതിന് വേണ്ടിക്കൂടിയാണെന്ന് സ്ഥാനാര്‍ത്ഥി സഫര്‍ ഇക്ബാല്‍ മന്‍ഹാസിന്റെ പ്രഖ്യാപനം.
പിര്‍ പഞ്ചാല്‍ മേഖലയില്‍ വികസനം എത്തണം. യുവാക്കളുടെ തൊഴിലില്ലായ്മ മാറണം. ഭീകരരുടെ പിടിയില്‍ നിന്ന് എന്നന്നേക്കുമായി നാടിനെ മോചിപ്പിക്കണം. ജമ്മു കശ്മീരിനെ മുരടിപ്പിച്ച കുടുംബാധിപത്യ പാര്‍ട്ടികളെ തുടച്ചുനീക്കണം… ജമ്മു കശ്മീര്‍ അപനി പാര്‍ട്ടി പ്രസിഡന്റ് സയീദ് മുഹമ്മദ് അത്ലാഫ് ബുഖാരി നയം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
ഭീകരവാഴ്ചയുടെ കെടുതികളേറെ അറിഞ്ഞ രജൗരിയും പൂഞ്ചും അടങ്ങുന്ന അനന്തനാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് മന്‍ഹാസ് ജനവിധി തേടുന്നത്. മോദിയുഗത്തില്‍ കശ്മീര്‍ മാറുകയാണെന്ന് ജനങ്ങള്‍ മനസിലാക്കുന്നു. അവര്‍ പുറത്തിറങ്ങി വോട്ട് ചെയ്യാന്‍ തയാറാകുന്നു. അഞ്ചാംഘട്ടത്തില്‍ ബാരാമുള്ളയില്‍ ഉണ്ടായ പോളിങ് അതിന്റെ തെളിവാണ്. ഭയമകന്ന അന്തരീക്ഷമുണ്ട് ഇപ്പോള്‍. അതിര്‍ത്തിയില്‍ ഷെല്ലാക്രമണ ഭീഷണിയുണ്ടെങ്കിലും അതിനെ നേരിടാന്‍ ജനം സജ്ജമാണ്. ഈ മാറ്റം വോട്ടില്‍ പ്രതിഫലിക്കും, മന്‍ഹാസ് പറയുന്നു.
നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും നേതാക്കളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി നാടിനെ ബലി നല്കിയവരാണ്. അവരാണ് മതത്തിന്റെയും പ്രാദേശികവാദത്തിന്റെയും പേരില്‍ ജനങ്ങളില്‍ വിഷം കുത്തിവച്ചത്. യുവാക്കളെ ഭീകര സംഘടനകള്‍ക്ക് എറിഞ്ഞുകൊടുത്തത്. ഇക്കുറി ജനങ്ങള്‍ പുറത്തിറങ്ങും, ഭാവിക്ക് വേണ്ടി വോട്ട് ചെയ്യും, മന്‍ഹാസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
ജാതി, വര്‍ഗം, മതം, പ്രദേശം തുടങ്ങിയ എല്ലാ ഭേദങ്ങള്‍ക്കുമപ്പുറം ഭാരതം എന്ന ഭാവനയിലൂടെയാണ് ജനങ്ങളെ അപനി പാര്‍ട്ടി സമീപിക്കുന്നത്. എല്ലാവരിലേക്കും ഭേദമില്ലാതെ വികസനമെത്തിക്കുന്ന ഭരണനീതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും എന്‍ഡിഎയുടെ ഭാഗമായി ജനവിധി തേടുന്നത് അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതയുടെ മുന്നേറ്റത്തില്‍ രജൗരിയുടെ പങ്കും ഉണ്ടാകണമെന്ന ബോധ്യം ജനങ്ങളിലുണര്ത്തുകയാണ് മന്‍ഹാസ് പോരാടുന്നതിന്റെ ഉന്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: