ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്ത്വമായ ത്രിദോഷ സിദ്ധാന്തം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ഭിഷഗ്വരനാണ് ചരകന്‍. വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷങ്ങള്‍. സുശ്രുതന്, വാഗ്ഭടന്, എന്നീ ആചാര്യന്മാര്ക്കൊപ്പമാണ് ചരകന്റേയും സ്ഥാനം. ‘ചരകസംഹിത’ എന്ന ഗ്രന്ഥത്തിലൂടെ രണ്ടു സഹസ്രാബ്ദം മുമ്പ് ചരകന്‍ പകര്‍ന്ന വൈദ്യശാസ്ത്ര അറിവുകള്‍ക്ക് 21-ാം നൂറ്റാണ്ടിലും പ്രസക്തി കുറഞ്ഞിട്ടില്ല.
സംസ്കൃതത്തില്‍ ലിഖിതമായ ആദ്യ വൈദ്യശാസ്ത്ര ഗ്രന്ഥമായി കരുതപ്പെടുന്ന ചരകസംഹിതയില്‍ 149 രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍ എന്നിവ സവിസ്തരം പ്രതിപാദിക്കുന്നു. രോഗങ്ങളെപ്പറ്റി മാത്രമല്ല, രോഗഹാരിയായ ഔഷധങ്ങളെ സംബന്ധിച്ചും ഇതില്‍ വിവരണമുണ്ട്. 341 ഔഷധ സസ്യങ്ങള്‍, അവയില്‍ നിന്നുണ്ടാക്കാവുന്ന മരുന്നുകള്‍, ജന്തുജന്യമായ 177 ഔഷധങ്ങള്‍, 64 ധാതുക്കള്‍ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങള്‍ എന്നിവയുടെയെല്ലാം വിവരണങ്ങള്‍ ചരകസംഹിതയില്‍ ഉണ്ട്.
സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കല്പസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളാണ് ‘ചരകസംഹിത’യില്‍ ഉള്ളത്. പ്രതിപാദ്യ വിഷയങ്ങളെ പത്തായി വേര്‍തിരിച്ചിരിക്കുന്നു. ശരീരം, വൃത്തി, ഹേതു, വ്യാധി, കര്‍മം, കാര്യം, കാലം, കര്‍ത്താവ്, കരണം, വിധി എന്നിവയാണ് ഈ പത്ത് വിഷയങ്ങള്‍. അറബിക്, ഗ്രീക്ക് ഉള്‍പ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് ചരകസംഹിതയുടെ പ്രാധാന്യം വെളിവാക്കുന്നു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകന്‍ പഠനം നടത്തിയിരുന്നു. ഹൃദയമാണ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം എന്ന് ആദ്യം പറഞ്ഞത് ചരകനാണ് എന്നതു മാത്രം മതി അദ്ദേഹത്തിന്റെ അഗാധജ്ഞാനം മനസ്സിലാക്കാന്‍.
ജീവിത കാലം
ചരകന്റെ ജീവിതകാലം സംബന്ധിച്ച് ഇന്നും ഏകാഭിപ്രായമില്ല. ‘സഞ്ചാരി’, ‘ചികിത്സകന്’ എന്നൊക്കെയാണ് ‘ചരക’ ശബ്ദത്തിന്റെ അര്‍ത്ഥം. കുശാന സാമ്രാജ്യത്തില്‍ ബി.സി. രണ്ടാം ശതകത്തിനും ഒന്നാം ശതകത്തിനും ഇടയില്‍ ആയിരുന്നു ജീവിതകാലം. കനിഷ്ക രാജാവിന്റെ(എ.ഡി. ഒന്നാം നൂറ്റാണ്ട്) ഭിഷഗ്വര സുഹൃത്തായിരുന്നു ചരകന്‍ എന്നും വാദമുണ്ടെങ്കിലും ആദ്യത്തേതിനാണ് സ്വീകാര്യത കൂടുതല്‍.
ചരക സംഹിതയിലെ തെളിവുകള്‍ ആസ്പദമാക്കിയാല്‍ ഹിമാലയ താഴ്വരയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കാം. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ് ചരകസംഹിത. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും ‘ചരകസംഹിത’യില്‍ പറയുന്നത് രണ്ട് സഹസ്രാബ്ദം കഴിഞ്ഞ് ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസ്സിലാക്കാം. ദഹനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത് ചരകനാണ്. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്. ത്രിദോഷങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നതെന്ന് അദ്ദേഹം വാദിച്ചു. ആയുര്‍വേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട് ആധാരമാക്കിയുള്ളതാണ്.
ഇന്ത്യന്‍ തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളുടെ വളര്‍ച്ചയിലെ സുവര്‍ണ്ണ കാലഘട്ടത്തിലാണ് ചരകന്‍ ജീവിച്ചിരുന്നത്. അന്ന് സാംഖ്യ, ന്യായം, വൈശേഷികം, മീമാംസ, യോഗ, വേദാന്തം എന്ന തത്ത്വശാസ്ത്ര വിഭാഗങ്ങള്‍ വളര്‍ച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്ന ബൗദ്ധ-ജൈന സിദ്ധാന്തങ്ങളുമായി നിരന്തരം ആശയ സംഘട്ടനങ്ങള്‍ നടന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു.
ശാരീരിക, മാനസിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകന്റെ സംഭാവന കാലത്തെ അതിജീവിക്കുന്ന ശക്തമായ തത്ത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിച്ചെടുത്തു എന്നതാണ്. തന്റെ കാലത്തിനു മുന്‍പേ പ്രചാരത്തില്‍ ഉണ്ടായിരുന്ന അഗ്നിവേശതന്ത്രം വിമര്‍ശനാത്മകമായി പുനസ്സംശോധനം ചെയ്ത് അദ്ദേഹം ചരക സംഹിതയില്‍ ഉല്‍പ്പെടുത്തി.
അനേകം വിഷയങ്ങള്‍ ചരകസംഹിതയില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇതില്‍ പ്രധാനം ഭ്രൂണ വിജ്ഞാനീയവും ശരീരശാസ്ത്രവും ആണ്.
ശുക്ല-ശോണിത സമ്മേളനത്തിലാണ് ഭ്രൂണം രൂപം കൊള്ളുന്നത് എന്നാണ് ചരക സംഹിത പറയുന്നത്. സര്‍വ്വ ധാതുക്കളുടെയും ആത്യന്തിക ഉത്പന്നമായ ശുക്ലം പുരുഷ ശരീരത്തില്‍ സൂക്ഷ്മരൂപത്തില്‍ വസിക്കുന്നു. ഗര്‍ഭാശയത്തില്‍ ആണ്-പെണ് ബിജങ്ങളുടെ സംഗമം കൊണ്ടാണ് ഭ്രൂണം രൂപപ്പെടുന്നതെന്നു ആധുനിക വൈദ്യശാസ്ത്രം പറയുമ്പോള്‍, ഒരു പടികൂടി കടന്ന് മനസ്സ് എന്ന ഉപാധിയിലൂടെ ആത്മപ്രവേശനം ഊര്‍ജ്ജം പകരുമ്പോള്‍ മാത്രമേ ഭ്രൂണം ഉത്പ്ന്നമാകൂ എന്നാണ് ചരക സംഹിത പറയുന്നത്.
പൈതൃക-മാതൃക ഘടകങ്ങളുടെ ഗര്‍ഭാശയത്തിലെ സഗംമം ഉത്പത്തിക്ക് വഴിവെക്കുന്നു. തലമുടി, നഖങ്ങള്‍, പല്ലുകള്‍, എല്ലുകള്‍, നാഡികള്‍, ഞരമ്പ്,ശുക്ലം എന്നിവ പിതൃദത്തമെന്നും, ചര്‍മ്മം, രക്തം, മാംസം, ദഹനാവയവങ്ങള്‍, ഹൃദയം, മജ്ജ തുടങ്ങി ശരീരത്തിലെ മൃദുഭാഗങ്ങളെല്ലാം മാതൃദത്തമെന്നും ആയിരുന്നു ചരകന്റെ നിഗമനം.
അര്‍ദ്ധ ഖരവസ്തുവായ ഭ്രൂണം പൂര്‍ണ്ണ വളര്‍ച്ചയെത്തി ശിശുവായി പിറക്കും വരെയുള്ള കാലത്തെ മാസക്രമത്തില്‍ തന്നെ വിശദമായി പഠിച്ച ആചാര്യനാണ് ചരകന്‍. ഭ്രൂണാവസ്ഥയിലെ അവയവോത്ഭവം ചരകസംഹിതയില്‍ വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അഥര്‍വ്വവേദം, സുശ്രുത, കാശ്യപ സംഹിതകള്‍ എന്നിവയിലും അവയവോത്ഭവം പ്രതിപാദിച്ചിട്ടുണ്ട്. (സ്കാനിങ് പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലഘട്ടത്തില്‍ മനന-നിരീക്ഷണങ്ങളിലൂടെ ആയുര്‍വ്വേദ ആചാര്യന്മാര് മനസ്സിലാക്കിയ ഭ്രൂണവിജ്ഞാനം ആധുനികമായ അറിവുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറച്ചു വ്യത്യാസങ്ങളുണ്ടെങ്കിലും അത്ഭുതാവഹം എന്നേ പറയാനാവൂ
ആധുനിക ശരീരശാസ്ത്രമനുസരിച്ച് അസ്ഥികള്‍ 206 ആണെങ്കില്‍ പല്ലുകളും നഖങ്ങളും ഉള്‍പ്പടെ അസ്ഥികള്‍ 360 എന്ന് ചരക സംഹിതയും, അഥര്‍വ്വവും പറയുന്നു.
ചരകസംഹിതയില്‍ ഹൃദയത്തിന്റെ സ്ഥാനം പറയുന്നുണ്ടെങ്കിലും ഇന്നത്തേതു പോലെ കാര്‍ഡിയോളജിയില്‍ വിശദമായ പ്രതിപാദനം കാണുന്നില്ല. ഹൃദയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന പത്തു ധമനികള്‍ ശരീരമൊട്ടാകെ പടര്‍ന്നു കിടക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ധമനികള്‍ 200-ഉം സിരകള്‍ 700-ഉം ആണെന്നു പറയുന്ന ചരകന്‍ പക്ഷേ രക്തക്കുഴലുകളെ ധമനി, സിര, സ്രോതസ്സ് എന്നിങ്ങനെ പലപ്പോഴും മാറിമാറി വിളിക്കുന്നുമുണ്ട്.
ശിരസ്സും തലച്ചോറും രണ്ടാണെന്ന ബോധ്യവും ചരകന്‍ ഉണ്ടായിരുന്നു. പക്ഷേ തലച്ചോറിനെ ബോധം, ഇന്ദ്രിയാനുഭൂതി എന്നിവയുമായോ അവയവ നിയന്ത്രണത്തിലും മാനസിക രോഗങ്ങള്‍ ഉണ്ടാകുന്നതിലും തലച്ചോറിന്റെ പങ്കിനെക്കുറിച്ചോ ചരകന്‍ വിശദമായി പഠിച്ചതായി കാണുന്നില്ല.
ദഹന വ്യവസ്ഥ
ചരകസംഹിതയില്‍ ഭക്ഷണങ്ങളെപ്പറ്റി സവിസ്താരം പ്രതിപാദിച്ചിട്ടുണ്ട്. ആമാശയത്തിലെ അഗ്നിയാല്‍(ജഠരാഗ്നി) ദഹിക്കുന്ന ആഹാരം പക്വാശയത്തില് എത്തി ആഹാരരസവും മലവും ആയി രൂപാന്തരപ്പെടുന്നു എന്ന് ആദ്യം പറഞ്ഞത് ചരകനാണ്. ദഹന വ്യവസ്ഥയെപ്പറ്റി ചരകനുണ്ടായിരുന്ന അറിവ് ഇതിലൂടെ വെളിവാകുന്നു.
പഞ്ചഭൂതങ്ങളുടെയും ധാതുക്കളുടെയും പ്രവര്‍ത്തനഫലമായി ഈ ആഹാരരസം ശരീര ധാതുക്കളായി മാറ്റപ്പെടുന്നു എന്നാണ് ചരകന്റെ നിരീക്ഷണം. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഒരേ ദിശയിലുള്ള നീക്കം വാതത്തിന്റെ പ്രവൃത്തിയാണന്നും അദ്ദേഹം പറഞ്ഞു.
വൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് ചരകന്‍ നല്കുന്ന ഉപദേശം
ആത്മാര്‍ത്ഥമായി വേണം വൈദ്യശുശ്രൂഷാ രംഗത്തു പ്രവര്‍ത്തിക്കാന്‍.രോഗിയെ വിഷമിപ്പിക്കുകയോ രോഗിയുമായി കലഹിക്കുകയോ ചെയ്യരുത്. രോഗികളായി വരുന്ന അന്യസ്ത്രീകളെ അനവസരത്തില്‍ സ്മരിക്കരുത്.ചികിത്സയുടെ ഭാഗമായി അറിയുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. രോഗിയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയച്ചേ വൈദ്യന് എത്താവൂ.മരണം ഉടന്‍ എന്നു മനസ്സിലായാലും അക്കാര്യം രോഗിയോടു പറയരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: