പയ്യന്നൂര്‍ (കണ്ണൂര്‍): പെരുമ്പയില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് എഴുപത്തിയാറ് പവന് സ്വര്‍ണവും പണവും കവര്‍ന്നു. പെരുമ്പ ജുമാ മസ്ജിദിന് സമീപത്തെ ചൊക്കിന്റകത്ത് സുഹ്റയുടെ വീടാണ് കൊള്ളയടിച്ചത്.
രാവിലെ ആറുമണിയോടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. അടച്ചുപുട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ പ്രധാന വാതില്‍ അല്പം തുറന്നു കിടക്കുന്നതായി കണ്ടപ്പോഴാണ് മോഷണത്തെക്കുറിച്ച് അറിഞ്ഞത്. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് അകത്തെ രണ്ട് മുറികളിലെ അലമാരകള്‍ തുറന്നുകിടന്നത് ശ്രദ്ധയില്‍പ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 76 പവനും 4000 രൂപയും രേഖകളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി മനസിലായതോടെ ഉടന്‍ അയല്‍വാസികളെ വിവരമറിയിച്ചു.
സുഹറയും ഭര്‍ത്താവ് ആമുവും പരിയാരത്തെ കണ്ണൂര്‍ മെഡി. കോളജില്‍ ചികിത്സക്കായി പോയിരിക്കുകയായിരുന്നു. സുഹ്റയുടെ മകന് റഫീക്കും മകള്‍ ഹസിനയും ഗള്‍ഫിലാണുള്ളത്. അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്റെ മക്കളും വീടിന്റെ മുകള്‍നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു താഴത്തെ നിലയില്‍ കവര്‍ച്ച നടന്നത്.
അലമാരകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മുന്‍ വാതില്‍ കുത്തിത്തുറക്കാനായി ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര മോഷണം നടന്ന മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
തൊട്ടടുത്ത മുറിയില്‍ നിന്ന് ഒരു വെട്ടുകത്തിയും പോലീസ് കണ്ടെത്തി. അലമാരകളില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് പാസ്ബുക്കും മറ്റു രേഖകളും വീട്ടുപറമ്പിലെ വഴിയില്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി. സുഹറയുടെ മകള്‍ സാജിത പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ഡിവൈഎസ്പി എ. ഉമേഷിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
പയ്യന്നൂര്‍ കണ്ടോത്ത് പൂട്ടിക്കിടന്ന വീട്ടിലും മോഷണശ്രമം നടന്നു. കാങ്കോല്‍ വെസ്റ്റ് കോസ്റ്റ് പോളിമര്‍ കമ്പനി ജീവനക്കാരന് കണ്ടോത്ത് അമ്പലത്തറയിലെ പീടിയക്കല്‍ ഡൊമിനി
ക്ക് തോമസിന്റെ പൂട്ടിയിട്ട വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്. കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തേക്ക് പോയ ഇവര്‍ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: