ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്ക് 3,000 കോടിയുടെ ആസ്തിയുണ്ടെന്ന ആരോപണവുമായി സമൂഹമാധ്യമപോസ്റ്റ്. പ്രിയങ്കയുടെ മകളായ മിരായ വദ്രയുടെ പേരിലാണ് 3,000 കോടി രൂപ നിക്ഷേപമുള്ളതായി ആരോപണമുയര്‍ന്നത്.
അനൂപ് വര്‍മ്മ എന്ന പേരിലുള്ള ഒരു വ്യക്തിയാണ് എക്സില്‍ ഈ ആരോപണം പോസ്റ്റായി പങ്കുവെച്ചത്. എന്നാല്‍ ഈ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവും ആണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് ഗുപ്ത പരാതി നല്‍കി. ഇതിന്റെ പേരില്‍ അനൂപ് വര്‍മ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള പൊലീസ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (അക്രമമുണ്ടാക്കാന്‍ ആഹ്വാനം ചെയ്തെന്ന കേസ്),500 (അപകീര്‍ത്തിപ്പെടുത്തല്‍) 505 (ഒരു സമുദായത്തിനെതിരെ കലാപമുണ്ടാക്കാന്‍ മറ്റൊരു സമുദായത്തെ പ്രേരിപ്പിക്കല്‍), 469 (വ്യാജരേഖചമയ്‌ക്കല്‍) എന്നി വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്.
എക്സില്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ച അനൂപ് വര്‍മ്മ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കുകയാണ്. മിരായ വദ്രയ്‌ക്ക് 3000 കോടിയുടെ സ്വത്തുണ്ടെന്നും ഇതിന്റെ ഉറവിടമായി പ്രിയങ്ക വദ്ര, സോണിയാഗാന്ധി എന്നിവരുടെ പേരുകളാണ് നല്‍കിയിരിക്കുന്നതെന്നും ആണ് സമൂഹമാധ്യമപോസ്റ്റിലെ ആരോപണം. കേസെടുത്തെങ്കിലും സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വ്യക്തി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഹിമാചല്‍പ്രദേശിലെ നാല് ലോക്ശഭാ സീറ്റുകളില്‍ ജൂണ്‍ 1നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: