കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ പിഴവ് ഗൗരവതരമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം സംസ്ഥാനത്തിന് നാണക്കേടാണ്.
ആരോഗ്യമേഖലയെ കുത്തഴിഞ്ഞ നിലയിലാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. കുഞ്ഞിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണം. ഇത്തരത്തിലുള്ള ശസ്ത്രക്രിയാ പിഴവുകള്‍ സംസ്ഥാനത്ത് നിത്യസംഭവങ്ങളാവുകയാണ്. കോഴിക്കോടു തന്നെ ഇതിന് മുമ്പും വലിയ പിഴവുകളുണ്ടായിട്ടുണ്ട്.
ആലപ്പുഴയിലും സമാന സംഭവമുണ്ടായി. കോഴിക്കോട് മെഡി. കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിപ്പോയ ഞെട്ടിക്കുന്ന സംഭവം കേരളം കണ്ടു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സിപിഎമ്മുകാരനായ താത്കാലിക ജീവനക്കാരന് പീഡിപ്പിച്ചതും അതിനെതിരെ പ്രതികരിച്ച വനിതാ ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ വേട്ടയാടിയതും രാജ്യം കണ്ടതാണ്. പൂര്‍ണ പരാജയമായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉടന്‍ രാജിവയ്ക്കണം. അല്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാന്‍ മുഖ്യമന്ത്രി തയാറാവണം. സര്‍ക്കാര്‍ ആശുപത്രികള്‍ നരകങ്ങളാവുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്ര നടത്തുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: