ന്യൂദല്‍ഹി: എന്‍ഡിഎ സഖ്യത്തിന് 400 സീറ്റ് ഉറപ്പെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലും ഒഡീഷയിലും ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകള്‍ ഉയരും. കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ടു തുറക്കുമെന്നും അമിത് ഷാ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളുടെ ചുമതലക്കാരനുമായ അമിത് ഷാ.
ബംഗാളില്‍ 30 വരെ സീറ്റുകളില്‍ ബിജെപി വിജയിക്കും. ബിഹാറില്‍ 2019ലേതിന് സമാനമായ സീറ്റുകള്‍ ഉറപ്പാണ്. ഒഡീഷയില്‍ 16ന് മുകളില്‍ സീറ്റുകള്‍ കിട്ടും. തെലങ്കാനയില്‍ 10-12 സീറ്റുകളിലും ആന്ധ്രയില്‍ 17-18 സീറ്റുകളിലും വിജയിക്കും. തമിഴ്നാട്, കേരളം തുടങ്ങിയ ദക്ഷിണ ഭാരത സംസ്ഥാനങ്ങളിലും സീറ്റുറപ്പാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത്തവണ മികച്ച പ്രകടനമാണ് പാര്‍ട്ടി കാഴ്ച വയ്‌ക്കുന്നത്, കണക്കുകള്‍ ഉദ്ധരിച്ച് അമിത് ഷാ പറഞ്ഞു.
നാനൂറിനടുത്ത് സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപി ഭരണഘടന പൊളിച്ചെഴുതി സംവരണ വ്യവസ്ഥകള്‍ മാറ്റുമെന്ന പ്രചാരണം പച്ചക്കള്ളമാണ്. കഴിഞ്ഞ പത്തുവര്‍ഷവും കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയാണിത്. സംവരണ വ്യവസ്ഥകളിന്മേല്‍ മാറ്റം വരുത്തില്ല. അതില്‍ തൊടാന്‍ പോലും ബിജെപിക്ക് തീരുമാനമില്ല.
കര്‍ണാടകയിലും തെലങ്കാനയിലും പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി ക്വോട്ട വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് നല്കിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. ഒരു സര്‍വേയും നടത്താതെയാണ് മുസ്ലിം സമൂഹം മുഴുവന്‍ പിന്നോക്കമാണെന്ന് പ്രഖ്യാപിച്ച് കര്‍ണാടകയില്‍ സംവരണം ഏര്‍പ്പെടുത്തിയത്. കോടീശ്വരനായ മുസ്ലിം എങ്ങനെ സംവരണത്തിന് അര്‍ഹനാകും. മതാടിസ്ഥാനത്തില്‍ സംവരണം നല്കുന്നത് തെറ്റാണ്. അതു ഭരണഘടനാ വിരുദ്ധവുമാണ്, അമിത് ഷാ പറഞ്ഞു.
കേന്ദ്രസര്‍ക്കാരെടുത്ത വലിയ തീരുമാനമായിരുന്നു പൊതു സിവില്‍കോഡ്. മുത്തലാഖ്് നിരോധനവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്രസര്‍ക്കാരിന്റെ വലിയ തീരുമാനങ്ങളാണ്. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്നെ വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം അവസാനിപ്പിക്കുക എന്നത് ബിജെപിയുടെ അജണ്ടയല്ല.
വ്യക്തികളുടെ സ്വത്ത് തുല്യമായി വീതിക്കുകയെന്ന വിചിത്ര ആശയത്തിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസിന് ആരോടാണ് മുന്‍ഗണനയുള്ളതെന്ന് മന്‍മോഹന്‍ സിങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് വികസനമല്ല, മുസ്ലിം വോട്ട് മാത്രമാണ് താത്പര്യം. പാവങ്ങളെ എങ്ങനെ ഹിന്ദു എന്നും മുസ്ലീമെന്നും വേര്‍തിരിക്കാനാവും. മോദി രാജ്യത്ത് നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ്.
രാമക്ഷേത്രത്തെ തെരഞ്ഞെടുപ്പ് വിഷയമായി ബിജെപി എടുത്തിട്ടേയില്ല. രാമക്ഷേത്രം എന്നത് വിശ്വാസത്തിന്റെ വിഷയമാണ്. എന്നാല്‍ രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മാണം വര്‍ഷങ്ങളോളം തടസപ്പെടുത്തിയത് കോണ്‍ഗ്രസാണെന്ന് ജനങ്ങള്‍ക്കറിയാം. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് പോലും കോണ്‍ഗ്രസ് നേതാക്കളെത്താത്തത് അവരുടെ വോട്ട് ബാങ്കിനെ കരുതിയാവണം. അയോദ്ധ്യയില്‍ ദര്‍ശനം നടത്തിയ നേതാക്കളെയും അണികളെയും കോണ്‍ഗ്രസ് പാര്‍ട്ടി പലതരത്തില്‍ ഉപദ്രവിച്ചതായും അമിത് ഷാ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: