വര്‍ക്കല: അഞ്ചുതെങ്ങ് കായലിന് കുറുകെ രാജഭരണകാലത്ത് നിര്‍മിച്ച മീരാന്‍കടവ് പഴയപാലം പൊളിച്ചുനീക്കി. അഞ്ചുതെങ്ങില്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിച്ചതാണ് മീരാന്‍കടവ് പഴയപാലം. അഞ്ചുതെങ്ങിനെ ആറ്റിങ്ങലുമായി ബന്ധിപ്പിച്ച് രാജഭരണകാലത്ത് അഞ്ചുതെങ്ങ് കായലിന് കുറുകെ നിര്‍മിച്ച ചരിത്ര പ്രാധാന്യമുള്ള മീരാന്‍കടവ് പഴയപാലമാണ് പൊളിച്ചുനീക്കിയത്. ഇതോടെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിനെയും ചരിത്രത്തേയും ബന്ധിപ്പിക്കുന്ന മറ്റൊരു അധ്യായം കൂടി കടന്നുപോകുകയാണ്.
1956 ഒക്ടോബര്‍ 16 നായിരുന്നു മീരാന്‍കടവ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ രാജപ്രമുഖ് ഉപദേശകന് ഡി.എസ്. റാവ് ആയിരുന്നു. അഞ്ചുതെങ്ങ് കായലിന് കുറുകെ അഞ്ചുതെങ്ങിനെയും ആറ്റിങ്ങലിനെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു പാലം നിര്‍മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത് ബ്രിട്ടീഷുകാരുടെ ആധിപത്യം നിലയുറച്ചതില്‍ പിന്നെയായിരുന്നു. എന്നാല്‍ ഇതിന് അനുമതി നല്കാന് നാട്ടുരാജ്യ തലവന്മാരുടെയും നാട്ടുപ്രമാണിമാരുടെയും എതിര്‍പ്പുകളെ തുടര്‍ന്ന് തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് സാധിക്കാത്ത അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. രാജ്യസുരക്ഷയായിരുന്നു അതിന് കാരണം.
എന്നാല്‍ പിന്നീട് മേഖലയിലെ വാണിജ്യ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാലം നിര്‍മാണത്തിന് തിരുവിതാംകൂര്‍ അനുമതി നല്കി. 12 ഉരുക്ക് തൂണുകളിലായി 50 മീറ്റര്‍ നീളത്തിലും അഞ്ചു മീറ്റര്‍ വീതിയിലുമായിരുന്നു നിര്‍മാണം. പണി ആരംഭിക്കുകയും തുടര്‍ന്ന് നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലായുണ്ടായ പ്രതികൂല കാലാവസ്ഥയും ഉരുക്ക് ഉള്‍പ്പെടെയുള്ള സാമഗ്രികളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നും പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത് പാലം നിര്‍മാണം വര്‍ഷങ്ങളോളം വൈകുന്നതിനു കാരണമായി.
പാലം തുറന്നുകൊടുക്കപ്പെട്ട ശേഷം, 1990-1991 കാലയളവിലെ പരിശോധനയില്‍ കാര്യമായ ബലക്ഷയം കണ്ടെത്തുകയും തുടര്‍ന്ന് ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര പൂര്‍ണമായും നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട്, ഇവിടെ പോലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. ഭാരം കയറ്റിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും വാഹനങ്ങളില്‍ നിന്ന് യാത്രക്കാരെ ഇറക്കി വാഹനം കയറ്റിവിടുകയും മറ്റും ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങി. തുടര്‍ന്ന്, മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന അറ്റകുറ്റപ്പണികളിലൂടെ പാലത്തിന്റെ ഉരുക്ക് തൂണുകള്‍ക്ക് സംരക്ഷണമൊരുക്കി കോണ്‍ക്രീറ്റ് അടിത്തറ നിര്‍മിച്ച് പാലം ബലപ്പെടുത്തി വീണ്ടും ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
2007 ഓടെ പഴയ പാലത്തിനു സമാനമായി പുതിയ പാലം നിര്‍മിക്കുകയും പഴയപാലം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുകയും പാലം പൊളിച്ചു നീക്കാനുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഇത് പിന്നീട് ചുവപ്പുനാടയില്‍ കുടുങ്ങി പൊളിച്ചുനീക്കല്‍ അനന്തമായി നീണ്ടു.
നിലവില്‍ ഉള്‍നാടന്‍ ജലഗതാഗത വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെയും ബേക്കലിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ചരിത്രത്തില്‍ ഇടംനേടിയ ഈ പാലം പൊളിച്ചു നീക്കപ്പെട്ടത്. എന്ത് തന്നെയായാലും ഒരു തീരദേശ ഗ്രാമത്തിന്റെ ജീവനാഡിയായി നിലകൊണ്ട ഈ പാലത്തിന് അഞ്ചുതെങ്ങിന്റെ ചരിത്രവും ജീവിതം കരുപിടിപ്പിച്ചവരുടെയും ജീവിതം അവസാനിപ്പിച്ചവരുടെയും നിരവധി കഥകള്‍ പറയുവാനുണ്ടാകുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: