ന്യൂദല്‍ഹി: പല കാര്യങ്ങളിലും അമേരിക്കക്കാരേക്കാളും മികച്ചത് ഭാരതീയരെന്ന് ഭാരതത്തിലെ അമേരിക്കയുടെ സ്ഥാനപതി എറിക് ഗാര്‍സിറ്റി. ഭാരതത്തിലെ ജനാധിപത്യത്തെപ്പറ്റിയുള്ള ആശങ്കകളെല്ലാം തള്ളിക്കളയുന്നുവെന്നും ഭാരതം ലോകത്തിലെ ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂദല്‍ഹിയില്‍ കൗണ്‍സില്‍ ഓഫ് ഫോറിന് റിലേഷന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന പത്ത് വര്‍ഷവും ഇപ്പോഴുള്ളതുപോലെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഭാരതം ഊര്‍ജ്ജസ്വലമായി മുന്നേറും. ഭാരതത്തിന്റെ ഏതൊരു മൂലയിലും ഒരാള്‍ മാത്രമേ ഉള്ളുവെങ്കില്‍ പോലും വോട്ടിങ് മെഷീനുമായി ഉദ്യോഗസ്ഥര്‍ അവിടെ എത്തുന്നുണ്ട്.
ഭാരതത്തിലെ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനായി രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്നില്ല. പൗരന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മലയെന്നോ താഴ്വരയെന്നോ വ്യത്യാസമില്ലാതെ സാധ്യമായ കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്ത് കൊടുക്കുന്നു. ദിവസങ്ങളോളം കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഉദ്യോഗസ്ഥര്‍ ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വോട്ടിന് പണമെന്ന സമ്പ്രദായത്തെ ഭാരതം പ്രതിരോധിക്കുന്ന രീതി ഏറെ പ്രശംസനീയമാണ്. കൃത്യമായ നിരീക്ഷണത്തിലൂടെ സുതാര്യമായ രീതിയിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ അമേരിക്കയേക്കാള്‍ ബഹുദൂരം മുന്‍പിലാണ് ഭാരതമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് വിദ്യാഭ്യാസത്തിനും ജോലിക്കുമായി അമേരിക്കയിലെത്തുന്നത്. അമേരിക്കക്കാരേക്കാള്‍ ഭാരതീയര്‍ അമേരിക്കയെ ഇഷ്ടപ്പെടുന്നു. ഇന്നത്തെ കാലത്ത് ഇത് അപൂര്‍വമാണ്, അദ്ദേഹം വ്യക്തമാക്കി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: