ഇസ്താംബുള്‍: പാരിസ് ഒളിംപിക്സ് ഗുസ്തി യോഗ്യത നേടാനുള്ള ഭാരത താരങ്ങളുടെ അവസാന യോഗ്യതാ മത്സരം ഇന്ന് മുതല്‍. തുര്‍ക്കിയിലെ ഇസ്താംബുളില്‍ ഇന്ന് മുതല്‍ മൂന്ന് നാല് ദിവസത്തേക്കാണ് മത്സരങ്ങള്‍ നടക്കുക. ഭാരതത്തിന്റെ നാല് ഗുസ്തി താരങ്ങളാണ് പാരിസ് ഒളിംപിക്സിന് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്.
ഇന്ന് ആരംഭിക്കുന്ന ഇസ്താംബുളിലെ യോഗ്യതാ മത്സരത്തില്‍ 14 ഭാരത താരങ്ങളാണ് പങ്കെടുക്കുക. രണ്ട് വനിതാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. 62 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന മന്‍സി അഹ്ലാവത്ത്, 68 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന നിഷ എന്നിവരാണ് വനിതാ താരങ്ങള്‍. പുരുഷ താരങ്ങളില്‍ സുമിത്(60 കിലോ), അഷു(67), വികാസ്(77), സുനില്‍ കുമാര്‍(87), നിതേഷ്(97), നവീന്‍(130) എന്നിവര്‍ പുരുഷ ഗ്രെകോ-റോമന്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. അമന് സെഹ്റാവത്ത്(57കിലോ), സുജീത്(65), ജയ്ദീപ് (74), ദീപക് പൂനിയ(86), ദീപക്(97), സുമിത്(125) എന്നിവര്‍ പുരുഷ ഫ്രീസ്റ്റൈലിലും ആണ് മത്സരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. രാത്രി വൈകിയും മത്സരങ്ങള്‍ തുടരും. ഞായറാഴ്ച എല്ലാ മത്സരങ്ങളും സമാപിക്കും.
അന്തിം പന്‍ഘാല്‍(53 കിലോ) ആണ് പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയ ആദ്യ ഭാരത ഗുസ്തി താരം. കഴിഞ്ഞ മാസം ബിഷ്കേക്കില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തിലാണ് താരം ഉള്‍പ്പെടെ നാല് ഭാരതീയര്‍ പാരിസിലേക്ക് പാസെടുത്തത്. വിനേഷ് ഫോഗട്ട്(50 കിലോ), അന്‍ഷു മാലിക്(57 കിലോ), റീതിക ഹൂഡ(76) എന്നിവരാണ് ഇതുവരെ യോഗ്യത നേടിയ മറ്റുള്ളവര്‍.
ഭാരതത്തിന് ഏറെ പ്രതീക്ഷയുള്ള ഇനമാണ് ഗുസ്തി. ടോക്കിയോ ഒളിംപിക്സില്‍ രണ്ട് മെഡലുകളാണ് നേടിയത്. കഴിഞ്ഞ നാല് ഒളിംപിക്സുകളില്‍ തുടര്‍ച്ചയായി മെഡല്‍ നേട്ടം കൈവരിക്കാനാകുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: