ദേവതകളുടെ സ്വഭാവവും പ്രതിഷ്ഠാ സവിശേഷതകളും അനുസരിച്ചാണ് പൂജാ പുഷ്പങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഒരേ ദേവതയായാലും പ്രതിഷ്ഠാ സങ്കല്പത്തില് ഉള്ള വ്യത്യാസം കൊണ്ട് പൂജാപുഷ്പത്തിലും പൂജയിലും വിവിധ ഇടങ്ങളില്‍ വ്യത്യസ്തമാകാം. നിറം, ഗുണം, സ്വഭാവം എന്നീ സവിശേഷതകളാണ് പൂജാപുഷ്പത്തിനെ നിശ്ചയിക്കുന്നത്. താന്ത്രികമായും വൈദികമായും ഓരോ ക്രിയയ്ക്കും പ്രത്യേക പൂഷ്പങ്ങള് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ദേവതാ സാന്നിദ്ധ്യമുള്ള ദശപുഷ്പങ്ങള്‍ അടക്കം വിവിധ പൂജാകര്‍മങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. തന്ത്രശാസ്ത്രത്തിലും ജ്യോതിഷ ശാസ്ത്രത്തിലും പൂജകള്‍ക്ക് എടുക്കുന്ന പുഷ്പത്തിനും അതിന്റെ വര്‍ണ്ണങ്ങള്‍ക്കുമുള്ള പ്രാധാന്യം എടുത്ത് പറയുന്നുണ്ട്.
ഓരോ പുഷ്പത്തിനും പൂജാപരമായി വ്യത്യസ്തമായ പ്രാധാന്യവുമുണ്ട്. വൈഷ്ണവ ദേവതകള്‍ക്ക് തുളസിയും ശൈവദേവതകള്ക്ക് കൂവളം, എരിക്ക്, ശാക്തേയ പൂജയ്ക്ക് വിഹിതങ്ങളായ പൂക്കളും (ചെത്തി,തുളസി,താമര) അടിസ്ഥാനമായി വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. പൂജകളുടെ സ്നാന ഘട്ടങ്ങളില്‍ ഇവയില്‍ തീര്‍ത്ത മാലകളും ഉപയോഗിക്കാം.
ഇവ ഉപയോഗിക്കരുത്
നിറത്തിലും ഗുണത്തിലും പ്രതികൂലാത്മകമായ സ്വഭാവവും നിര്ഗുണത്വമുള്ള പൂക്കളും പൂജാകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ. വാടിയ പൂക്കളും പൂക്കളുടെ പാകമല്ലാത്ത മൊട്ടുകളും ഉപയോഗിക്കാറില്ല. ഇത് ഉപയോഗിക്കുന്നത് വലിയ ദോഷദുരിതങ്ങള്ക്കു കാരണമാകും. രോഗബാധയുള്ളതും രൂക്ഷസ്വഭാവം ഉള്ള ചെടികളുടെ പൂക്കളും നിഷിദ്ധമാണ്.
തന്ത്രവും ജ്യോതിഷ ശാസ്ത്രവും അശുദ്ധംകല്പ്പിക്കുന്ന ഭൂമികളില്‍ നിന്ന് ഉള്ള പൂക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിച്ച പൂക്കള്‍ പൂജകളില്‍ നിന്ന് ഒഴിവാക്കണം. ഹോമാചാരങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന പൂക്കള്‍ നിര്‍ബന്ധമായും പച്ചയായവ ആകണം. കറുക, മുക്കുറ്റി, കൂവളം, മുല്ല,ചെത്തി എന്നിവ അന്നന്ന് പറിച്ചവ തന്നെ ഉപയോഗിക്കണം. ബന്ദി, അരളി, വാടാമൂല്ല, കോഴിപ്പൂവ് തുടങ്ങിയ പൂക്കള്‍ പൂജകള്‍ക്ക് ഉപയോഗിക്കില്ല. എന്നാല്‍ ഇവ അലങ്കാരങ്ങള്‍ക്ക് തൂക്കുമാലകളായി ഉപയോഗിക്കാറുണ്ട്.
ഗണപതി
കറുക, മുക്കുറ്റി, കൂവളം, തുമ്പ എന്നിവയാണ് ഗണപതിയുടെ അടിസ്ഥാന പുഷ്പങ്ങള്‍. എന്നിരുന്നാലും ചുവപ്പ് നിറത്തിലുള്ള പൂക്കളും മുല്ലപ്പൂവും തുളസിയും വിവിധ താന്ത്രിക ക്രിയകള്‍ക്ക് ഉപയോഗിക്കുന്നു. ഇവയുടെ മാലകള്‍ക്ക്
പുറമെ നാരങ്ങ, രാമച്ചം, എരിക്ക് എന്നിവയും ഗണപതിക്ക് ഉപയോഗിക്കുന്നു. മൂന്ന് കൂട്ടിയുള്ള കറുകപ്പുല്ലും ഒറ്റ മുക്കുറ്റിയും വിനായകന് പ്രിയമാണ്. കളഭം, നവകം തുടങ്ങിയ ക്രിയാവിധികള്‍ക്ക് തുളസിയിലയും ഗണപതിക്ക് നിര്‍ബന്ധമാണ്. നാര് കളഞ്ഞ ചെത്തിയും നാരുകളഞ്ഞ മുല്ലയും വിശേഷാല്‍ ഗണപതിഹോമങ്ങള്ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഭഗവതി
പൂജകള്‍ക്കും അലങ്കാരത്തിനും വൈവിദ്ധ്യങ്ങളാണ് ഭഗവതി പൂജകളുടെ പുഷ്പങ്ങള്‍ക്ക് ഉള്ളത്. ദേവതകളുടെ സ്വഭാവം അനുസരിച്ചാണ് ഭഗവതി പൂജകള്‍ക്ക് പൂജാപുഷ്പം നിശ്ചയിക്കുക. ചെത്തി, താമര, തുളസി, കൂവളം തുടങ്ങിയവയാണ് പ്രമാണപ്രകാരം ശാക്തേയ പൂജകള്‍ക്ക് ഉത്തമം. ഇതില്‍ ഭദ്രകാളി, ദുര്‍ഗ, പോര്‍ക്കലി, വാരാഹി, പ്രത്യംഗിര തുടങ്ങിയ ദേവതകള്‍ക്ക് കടുംചുവപ്പ് പൂക്കളാണ് ഉപയോഗിക്കുക.
അതില്‍ കരിഗുരുതി, ദേശദുരുതി, ആവാഹനം തുടങ്ങിയ ക്രിയകള്‍ക്ക് ചുവന്ന ചെത്തിയും കടുംതുളസിയുമാണ് ഉപയോഗിക്കുക. കരിംകൂവളവും പൂക്കുലയും ഭഗവതിക്ക് ഉപയോഗിച്ച് വരുന്നു. ശാന്തസ്വഭാവമുള്ള വൈഷ്ണവ ദുര്‍ഗ, മഹാലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവതകള്‍ക്ക് വെള്ളപ്പൂക്കളും തുളസിയുമാണ് വ്യവസ്ഥ.
ജമന്തി എല്ലാ ശാക്തേയ ദേവതകള്‍ക്കും അലങ്കാരത്തിനായി ഉപയോഗിക്കുന്നു. പ്ലാശ് അഥവാ ചമതയുടെ പൂവ്, സരസ്വതി ദേവിക്ക് വളരെ പ്രാധാന്യമുള്ളതാണ്. സരസ്വതി ദേവിക്ക് വെള്ള നിറമുള്ള പൂക്കളും പൂജയ്ക്കായി എടുക്കുന്നു. കദംബം, ചെമ്പകം, അശോകം, പുന്നാഗം തുടങ്ങിയവയുടെ ഗന്ധവും ശാക്തേയ സാന്നിദ്ധ്യ ദേവതകള്‍ക്ക് വിശേഷമാണ്.എന്നാല്‍ ഇവ പൂജയ്ക്ക് എടുക്കാറില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: