ന്യൂദല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ കരിമണല്‍ കമ്പനി സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഈ മാസം 30 ന് പരിഗണിക്കാന്‍ മാറ്റി.ദല്‍ഹി ഹൈക്കോടതിയാണ് കേസ് 30ലേക്ക് മാറ്റിയത്.
കേസില്‍ ആദായനികുതി വകുപ്പിനുള്‍പ്പെടെ മറുപടി നല്കാന് പത്ത് ദിവസം കൂടി സമയം കോടതി അനുവദിച്ചു. രഹസ്യരേഖകള്‍ ആണ് കേസിലുള്ളതെന്നതിനാല് മറുപടി നല്കാന് സമയം വേണമെന്നാണ് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചത്. എന്നാല്‍, ഈ രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോണ്‍ ജോര്‍ജിന് കിട്ടുന്നതെന്ന ചോദ്യം സിഎംആര്‍എല്ലിന്റെ അഭിഭാഷകന് ഉന്നയിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണം വേണ്ടതില്ലെന്നുമാണ് സിഎംആര്‍എല്‍ ഹര്‍ജിയില്‍ പറയുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴികളോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സിഎംആര്‍എല്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: