കൊച്ചി: 12 അധ്യായങ്ങളില്‍ തൃശൂര്‍ എന്ന ചെറിയ പട്ടണത്തില്‍ നിന്നും ആഗോള ജ്വല്ലറി ബിസിനസിലേക്ക് യാത്ര ചെയ്ത ജോയ് ആലുക്കാസ് എന്ന ജ്വല്ലറി ബിസിനസുകാരന്റെ അനുഭവങ്ങള്‍ നിറഞ്ഞതാണ് സ്പ്രെഡിംഗ് ജോയ് എന്ന ഇംഗ്ലീഷ് പുസ്തകം.
ജോയ്ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയായ ജോയ് ആലൂക്കാസിന്റെ ആത്മകഥ സ്പ്രെഡിങ് ജോയ്- ഹൗ ജോയ്ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജ്വല്ലര്‍ (Spreading joy- How Joy Alukkas became the World’s favourite Jeweller) എന്ന പുസ്തകം ഇപ്പോള്‍ ആത്മകഥ വിഭാഗത്തില്‍ ദേശീയ തലത്തില്‍ തന്നെ ചൂടപ്പം പോലെ വിറ്റഴിയുകയാണ്. അതിനാല്‍ ഈ പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് നാഷണല്‍ ബെസ്റ്റ് സെല്ലറായി ഈ പുസ്തകത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഈ ആത്മകഥയില്‍ ജമ്മു കശ്മീരിലേക്ക് മുത്തുമണികള്‍ തേടിപ്പോയ ജോയ് ആലൂക്കാസിന് കയ്യിലെ പണവും സ്വര്‍ണ്ണവും മോഷ്ടിക്കപ്പെട്ട അനുഭവം മുതല്‍ ഒട്ടേറെ മറക്കാനാവാത്ത അനുഭവങ്ങളുണ്ട്. എല്ലാ എതിര്‍പ്പുകളെയും നേരിട്ട് കോട്ടയത്തെ ഒരു ജ്വല്ലറിക്കാരന്റെ മകളായ ജോളിയെ പ്രണയിച്ചതും അപ്പന്റെ മരണത്തിന് ശേഷം കുടുംബബിസിനസ് ഏറ്റെടുക്കേണ്ടിവന്നതും എല്ലാം ഈ പുസ്തകത്തില്‍ ഇതള്‍ വിടരുന്നു. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് അവിടുത്തെ ഒരു ജ്വല്ലറി ഷോപ്പ് അടച്ച് ജീവനക്കാരെ മുഴുവന്‍ രക്ഷിച്ച സംഭവവും നിയമം, വിപണിസ്വഭാവം എന്നിവയില്‍ തികച്ചും വ്യത്യസ്താമായ ഗള്‍ഫ് വിപണിയില്‍ എങ്ങിനെയാണ് സ്വര്‍ണ്ണാഭരണരംഗത്ത് പിടിച്ചുനിന്നതെന്ന കഥയും ജോയ് ആലൂക്കാസ് വിവരിക്കുന്നു. അതുപോലെ ഫാഷന്‍, മാളുകള്‍, മണി എക്സ് ചേഞ്ച് എന്നീ ബിസിനസുകളിലേക്ക് എങ്ങിനെയാണ് തന്റെ ജ്വല്ലറി ബിസിനസിനെ വൈവിധ്യവല്ക്കരിച്ചതെന്നും ഈ പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തില്‍ വിശദമാക്കുന്നു.
റോള്‍സ് റോയ്സ് കാര്‍ സമ്മാനമായി നല്‍കിയും ജോയ് ആലുക്കാസ് ബ്രാന്‍ഡ് അംബാസഡര്‍മാരെ കൊണ്ടുവന്നും എങ്ങിനെയാണ് പുത്തന്‍ വിപണനതന്ത്രം മെനഞ്ഞതെന്ന് ആറാം അധ്യായത്തില്‍ വായിക്കാം.
തന്റെ സ്വന്തം സഹോദരന്മാര് തന്നെ വഞ്ചകനെന്നും കാര്യങ്ങള്‍ വഴിവിട്ടരീതിയില്‍ കൈകാര്യം ചെയ്തെന്നും ആരോപിച്ച് കേസ് വരെ നല്കിയതും അതില്‍ നിന്നെല്ലാം തലയൂരി എങ്ങിനെ താന്‍ വിജയിയായ ബിസിനസുകാരനായി എന്നും ആത്മകഥയുടെ ഏഴാം അധ്യായത്തില്‍ വിവരിക്കുന്നു.
ഹാര്‍പ്പര്‍ കോളിന്‍സ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് സ്പ്രെഡിങ് ജോയ് ആണ്. കൂടാതെ ആമസോണ്‍ പ്ലാറ്റ്ഫോമിലും ഈ പുസ്തകം ബെസ്റ്റ് സെല്ലറാണ്. മലയാളം കൂടാതെ പുസ്തകത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഇറങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: