ആലപ്പുഴ: ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള സംഘടനയുടെ ഭാഗമാകാന്‍ സാധിച്ചു എന്ന കൃതാര്‍ത്ഥത അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് സ്വയംസേവകരെന്ന് ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കല്‍ പറഞ്ഞു.
പുന്നപ്ര അറവുകാട് എച്ച്എസ്എസില്‍ ആരംഭിച്ച ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ക്കാരത്തെ, നാടിനെ വെല്ലുവിളിക്കുന്ന ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത പ്രസ്ഥാനത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
ചെറുപ്രായത്തിലേ നല്ലകാര്യങ്ങള്‍ ചെയ്യാനും നല്ലവരുമായി സംസര്‍ഗം ഉണ്ടാക്കാനും കഴിയുന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഞാന്‍ ചെറുതാണ് എന്ന തോന്നലാണ് ഏറ്റവും വലിയത്. വിനയമാണ് മഹിമ, അത് ഉന്നതിയിലേക്ക് നയിക്കും. ഇത്തരം ഒത്തുചേരലുകളിലൂടെ ലഭിക്കുന്നതും അതാണ്. അടുത്തിരിപ്പാണ് ആര്‍ദ്രത, എനിക്ക് ഇടം ഉള്ളതുപോലെ തന്നെ നിനക്കും ഇടം ഉണ്ടെന്നുള്ള തിരിച്ചറിവും അംഗീകാരവും ആണത്. ഒരാള്‍ മിഴി പൂട്ടി തന്റെ ഇടം കണ്ടെത്തലാണ് ധ്യാനം. നമ്മളെല്ലാം കതിരുകളായി മാറണം. കതിരുകളായ നാം വളരുന്ന വഴികളില്‍ നിരവധി പ്രതിസന്ധികളും പരിഹാസങ്ങളും ഉണ്ടായെന്നു വരാം. എന്നാല്‍ അതിനെയൊക്കെ വളമാക്കി മാറ്റി ഉയരേണ്ടവരാണ് നമ്മള്. കുറിതൊട്ടാല്‍, ചരട് കെട്ടിയാല്‍, ക്ഷേത്രത്തില്‍ പോയാല്‍ അവഹേളിക്കപ്പെടുന്ന കാലമാണിത്. അതിനെയൊക്കെ അവഗണിച്ച് മുന്നോട്ട് തന്നെ പോകണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനെ നിര്‍മിക്കുന്ന ഏറ്റവും വലിയ ശാലയാണ് ആര്‍എസ്എസിന്റെ ശാഖാപ്രവര്ത്തനമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികേന്ദ്രീകൃതമാണ് നമ്മുടെ കാഴ്ചപ്പാടുകള്‍, അതുമാറി സാമൂഹിക കേന്ദ്രീകൃതമാകണം, അതാണ് ശാഖകളിലൂടെ കൈവരുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടിയാകുമ്പോള്‍ മാത്രമാണ് ജീവിതം സ്വാര്‍ത്ഥകമാകുന്നത്. ആശയം, ആശയമായി നിലനിര്‍ത്തുകയല്ല, മറിച്ച് ജീവിതമായി മാറ്റണം. ശക്തമായ ശരീരത്തിലേ ശക്തമായ മനസുണ്ടാകുകയുള്ളു. അതിനാണ് കായിക പരിശീലനങ്ങള്‍. സര്‍ഗാത്മക ന്യൂനപക്ഷമാണ് പൊതുസമൂഹത്തെ മാറ്റിമറിക്കുന്നത്. ഉപദേശം കൊണ്ട് പരിവര്‍ത്തനം സാധ്യമല്ല, മാതൃകാജീവിതം നയിച്ചാണ് മാറ്റമുണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗ് സര്‍വാധികാരി ആലപ്പുഴ ജില്ലാ സഹ സംഘചാലക് ആര്. സുന്ദര്‍, വര്‍ഗ് കാര്യവാഹ് സി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: