ന്യൂദല്‍ഹി: 127 വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യയിലെ പഴയ ബിസിനിസ് കുടുംബങ്ങളില്‍ ഒന്നായ ഗോദ്റെജ് കുടുംബം സ്വത്ത് ഭാഗം വെച്ചു. ഇതിന്റെ ഭാഗമായി പുതിയ തലമുറ ഇനി ബിസിനസ് കടിഞ്ഞാണ്‍ കയ്യിലേന്തും. നാളത്തെ ഗോദ്റെജ് ബ്രാന്റിനെ വ്യത്യസ്തമേഖലകളില്‍ നയിക്കുക ആദി ഗോദ്റെജിന്റെ മകന് പിറോഷ്ജ ഗോദ് റെജും ജംഷിദ് ഗോദ്റെജിന്റെ സഹോദരി സ്മിതയുടെ മകളായ നൈരിക ഹോൾക്കറുമായിരിക്കും.
നിലവിലെ ഗോദ്റെജ് ഗ്രൂപ്പിന്റെ ചെയർമാന് ആദി(ഇടത്ത്), അദ്ദേഹത്തിന്റെ സഹോദരൻ നാദിർ ഗോദ്റെജ് (നടുവില്‍) ഗോദ്റെജ് & ബോയ്സ് മാനുഫാക്ചറിംഗ് കമ്പനിയുടെ ചെയർമാനും കസിനുമായ ജംഷിദ് (വലത്ത്)
ഗോദ്റെജിനെ രണ്ടാക്കിയാണ് വിഭജിച്ചത്. ഗോദ്റെജ് ഇന്‍ഡസ്ട്രീസും ഗോദ്റെജ് എന്റര്‍പ്രൈസസും. ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ആദി ഗോദ്റെജ് (82), സഹോദരൻ നാദിർ (73) എന്നിവക്കാണ്. ഇതില്‍ ഓഹരിവിപണയില്‍ ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികള്‍ ഉള്‍പ്പെടും. ഗോദ്റെജ് ഇന്‍ഡസ്ട്രീസ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഗോദ്റെജ് അഗ്രോവെറ്റ്, അസ്ടെക് ലൈഫ് സയന്‍സസ് എന്നീ അഞ്ച് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍. ആദി ഗോദ്റെജിന്റെ മകന് പിറോഷ്ജ ഗോദ് റെജാണ് നാളെ ഈ അഞ്ച് കമ്പനികളുടെയും മാതൃകമ്പനിയായ ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിനെ(ജിഐജി) നയിക്കുക. ആദിയുടെ മകൻ പിറോജ്ഷ ഗോദ്റെജ് (42) ജിഐജിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സണായിരിക്കുമെന്നും നാദിറിന്റെ പിൻഗാമിയായി 2026 ഓഗസ്റ്റിൽ ചെയർപേഴ്സണാകുമെന്നും ആണ് വ്യവസ്ഥ.
ബന്ധുക്കളായ ജംഷിദ് ഗോദ്റെജ് (75), സ്മിത ഗോദ്റെജ് കൃഷ്ണ (74) എന്നിവർക്കാണ് ഗോദ്റെജ് എന്റര്‍പ്രൈസസ് ലഭിച്ചത്. ബന്ധുക്കളായ ജംഷിദിനും സ്മിതയ്ക്കും ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്റെജ് ആൻഡ് ബോയ്സും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മുംബൈയിലെ ഭൂമിയും നൽകി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് ഗോദ്റെജ് & ബോയ്സിന് (ജി&ബി) കീഴിൽ തുടരും. കൂടാതെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിന് പ്രത്യേക കരാർ ഉണ്ടാക്കും. മുംബൈയിലെ വിക്രോളിയിലെ 3,000 ഏക്കർഉൾപ്പെടെ മുംബൈയിൽ 3,400 ഏക്കർ ഭൂമിയുടെ ഉടമസ്ഥതയാണ് ജി ആന്റ് ബിക്ക് കീഴിൽ തുടരുക. ചില കണക്കുകൾ പ്രകാരം വിക്രോളിയിലെ ഭൂമിക്ക് ഒരു ലക്ഷം കോടി രൂപ വിലവരും. 1941-42ൽ ബോംബെ ഹൈക്കോടതി റിസീവറിൽ നിന്ന് പിരോജ്ഷ പൊതു ലേലത്തിൽ വാങ്ങിയതാണ് വിക്രോളി പ്രോപ്പർട്ടി. ആദിഗോദ്റെജും നാദിർ ഗോദ്റെജും ഗോദ്റെജ് ആൻഡ് ബോയ്സിലെ തങ്ങളുടെ ഓഹരികൾ മറ്റ് ബ്രാഞ്ചിലേക്ക് മാറ്റുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
കുടുംബത്തില്‍ ഒത്തൊരുമ നഷ്ടപ്പെടാതിരിക്കാനാണ് സ്വത്ത് പങ്ക് വെച്ചത്. ഫർണിച്ചർ, ഐടി സോഫ്റ്റ്വെയർ തുടങ്ങി എയ്റോസ്പേസ്, വ്യോമയാന മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം വ്യവസായങ്ങളിൽ സാന്നിധ്യമുള്ള ഗോദ്റെജ് & ബോയ്സ്, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗോദ്റെജ് എൻ്റർപ്രൈസസ് ഗ്രൂപ്പിനെ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ജംഷിദ് ഗോദ്റെജ് നിയന്ത്രിക്കും. അദ്ദേഹത്തിന്റെ സഹോദരി സ്മിതയുടെ മകളായ നൈരിക ഹോൾക്കർ എക്സിക്യൂട്ടീവ് ഡയറക്ടറാകും. മുംബൈയിലെ 3,400 ഏക്കർ ഭൂമിയും ഇവരുടെ കൈവശമായിരിക്കും.
ഒരു കാലത്ത് ഫെയ്മസായ ഗോദ്റെജ് പൂട്ട്…കമ്പനി ആരംഭിച്ചത് 1897ല്‍
അഭിഭാഷകനായിരുന്ന അർദേശിർ ഗോദ്റെജും സഹോദരനും 1897പൂട്ട് നിർമാണത്തിലാണ് കമ്പനി കെട്ടിപ്പടുക്കുന്നത്. അർദേശിറിന് കുട്ടികളില്ലായിരുന്നു. അതിനാൽ ഗ്രൂപ്പിന് അവകാശിയായി ഇളയ സഹോദരൻ പിറോജ്ഷ മാറി. പിറോജ്ഷയ്ക്ക് സൊഹ്റാബ്, ദോസ, ബർജോർ, നേവൽ എന്നീ നാല് മക്കളുണ്ടായി. സൊഹ്റാബിന് കുട്ടികളില്ലാത്തതിനാൽ ബുർജോറിന്റെ മക്കളായ ആദിയും നാദിറും നവലിന്റെ മക്കളായ ജംഷിദ്, സ്മിത എന്നിവരാണ് ഗ്രൂപ്പിന്റെ ചുക്കാൻ പിടിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: