സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരിക്കുന്നു. ഈ തുക മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമേ ആകുന്നുള്ളൂ. അഞ്ചുകോടി രൂപയുണ്ടായിരുന്ന പാര്‍ട്ടിയുടെ ഈ അക്കൗണ്ടിലുള്ളത് കണക്കു കാണിക്കാത്ത പണമാണെന്ന് കണ്ടെത്തി മരവിപ്പിച്ചിരുന്നു. ഇതേ അക്കൗണ്ടില്‍ വീണ്ടും ഒരുകോടി രൂപ വര്‍ഗീസ് നിക്ഷേപിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാങ്ക് അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് തുക പിടിച്ചെടുത്തത്. പണത്തിന്റെ സ്രോതസ്സ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിനു കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി. പണം എവിടെനിന്ന് ലഭിച്ചതാണെന്നതിന്റെ ഒരു രേഖയും സിപിഎം നേതാവിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിലെത്തിയ എം.എം. വര്‍ഗീസ് ജില്ലയിലെ സിപിഎമ്മിന്റെ ആസ്തി സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. പറഞ്ഞതില്‍ കൂടുതലൊന്നും ഇനി പറയാനില്ലെന്നും, വേണമെങ്കില്‍ ഇനി അറസ്റ്റു ചെയ്തോട്ടെയെന്നുമാണ് വര്‍ഗീസിന്റെ പ്രതികരണം. ഇത് വ്യക്തിപരമായ അഭിപ്രായമല്ല, പാര്‍ട്ടിയുടെ നിലപാടാണെന്ന് വ്യക്തം. ഇതേ നിലപാടുതന്നെയാണ് രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്ത ഒരു കോടി രൂപയുടെ കാര്യത്തിലുമുള്ളത്. ഇക്കാര്യത്തിലും പാര്‍ട്ടിയുടെ തീരുമാനമാണ് വര്‍ഗീസ് ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
നിക്ഷേപകരുടെ പേരില്‍ സിപിഎം നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെയും റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തൃശൂര്‍ ജില്ലയിലെ മറ്റ് ചില സഹകരണ ബാങ്കുകളിലും സിപിഎമ്മിന് രഹസ്യ നിക്ഷേപമുണ്ടെന്ന വിവരവും കൈമാറിയിട്ടുണ്ട്. ഈ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് സിപിഎം നിരവധി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിക്കും ഇ ഡി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യയിലും സിപിഎമ്മിന് അഞ്ച് കോടി രൂപയുണ്ടെന്നും ഒരു കോടിരൂപ പിന്‍വലിച്ചതായും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പാര്‍ട്ടിയുടെ രഹസ്യനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അങ്ങനെയൊന്നില്ലെന്നും, പാര്‍ട്ടി കള്ളപ്പണം സ്വീകരിക്കാത്തതിനാല്‍ അംഗത്വ ഫീസും ലെവിയുമൊക്കെയാണ് വരുമാന സ്രോതസ്സെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പറഞ്ഞത്. ഇത് എത്ര വലിയ കള്ളമായിരുന്നുവെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അഞ്ച് കോടിയുടെ നിക്ഷേപവും, അതേ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കൊണ്ടുചെന്ന ഒരു കോടിരൂപ പിടിച്ചെടുത്തതും തെളിയിക്കുന്നത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെ കാര്യം വരുമ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വിശ്വസിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.
തൃശൂര്‍ ജില്ലയില്‍ മാത്രമല്ല മറ്റു ജില്ലകളിലും സിപിഎമ്മിന് സഹകരണ ബാങ്കുകളിലും മറ്റ് ബാങ്കുകളിലുമായി രഹസ്യ നിക്ഷേപമുണ്ടെന്ന് ഉറപ്പാണ്. ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രമായിരിക്കില്ലല്ലോ സിപിഎമ്മിന്റെ ഇത്തരം പണംതട്ടിപ്പുകള്‍. രണ്ടാം യുപിഎ ഭരണകാലത്ത് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒരു ദിവസം ഗസ്റ്റ് എഡിറ്ററായി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം സിപിഎമ്മിന് കോടാനുകോടിയുടെ സ്വത്തുണ്ടെന്ന് കണക്കാക്കി വാര്‍ത്ത നല്‍കിയത് വിവാദത്തിനിടയാക്കിയിരുന്നു. അന്ന് ചിദംബരം കണക്കുകൂട്ടിയതിനെക്കാള്‍ എത്രയോ അധികമാണ് സിപിഎമ്മിന്റെ പണസമ്പത്തെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. അഴിമതിയുടെ തിമിംഗലമായ ഇതേ ചിദംബരവും സിപിഎമ്മും ഇപ്പോള്‍ ഉറ്റസുഹൃത്തുക്കളാണെന്നത് മറ്റൊരുകാര്യം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ സിപിഎം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് വന്‍തോതില്‍ കള്ളപ്പണം കൈവശമുള്ളതിനാലാണെന്ന വിമര്‍ശനത്തെ ശരിവയ്ക്കുന്നതാണ് സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍. നോട്ട് നിരോധനം നിലവില്‍ വന്നതോടെ സഹകരണ ബാങ്കുകള്‍ വഴി കോടാനുകോടി രൂപയാണ് സിപിഎം വെളിപ്പിച്ചെടുത്തതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജിഹാദി ശക്തികളുമായി കൈകോര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെടുത്തി വേണം ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സിപിഎമ്മിന്റെ രഹസ്യനിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍. സിപിഎം നിയന്ത്രിക്കുന്ന ഈ കള്ളപ്പണ സാമ്രാജ്യം നിലനില്ക്കാന് അനുവദിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: