തൃശ്ശൂര്‍: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിലും പുതിയ വിശദീകരണവുമായി പാര്‍ട്ടി. ബാങ്ക് ഓഫ് ഇന്ത്യക്ക് പറ്റിയ തെറ്റിന്റെ പേരിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. വീഴ്ച സമ്മതിച്ചുകൊണ്ടുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ കത്ത് ലഭിച്ചെന്നും വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം സിപിഎം നേതൃത്വം പറയുന്നത് തെറ്റാണെന്ന് ബാങ്ക് അധികൃതരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് അവകാശപ്പെടുന്നത് ഇങ്ങനെ; മരവിപ്പിച്ച അക്കൗണ്ട് മൂന്ന് പതിറ്റാണ്ടു മുമ്പ് തുടങ്ങിയതാണ്. പിന്‍വലിച്ച പണവുമായി വരാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്കില്‍ പോയത്. AAATC0400A എന്നതാണ് ശരിയായ പാന്‍ നമ്പര്‍. അതുതന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യക്കും സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയത്. എന്നാല്‍ ഇതില്‍ T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് പ്രശ്നമായതെന്നും എം.എം. വര്‍ഗീസ് പറഞ്ഞു. ഈ പാന്‍ നമ്പര്‍ കേന്ദ്ര കമ്മിറ്റിയുടേതാണ്. എല്ലാ അക്കൗണ്ടുകളിലും ഈ പാന്‍ നമ്പര്‍ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നിയമ വിധേയ ചെലവുകള്‍ക്ക് ഏപ്രില്‍ രണ്ടിന് ബാങ്കില്‍ നിന്ന് ഒരു കോടി പിന്‍വലിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് ബാങ്കില്‍ പരിശോധനയ്ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിന്‍വലിച്ചത് തെറ്റായ നടപടി എന്ന് വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിക്കുകയും ചെയ്തു. പിന്‍വലിച്ച ഒരു കോടിയുമായി കഴിഞ്ഞ ദിവസം മൂന്നു മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്.
എന്നാല്‍ വര്‍ഗീസ് പറയുന്നത് കളവാണെന്ന് ബാങ്ക് അധികൃതരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ കണക്കുകളില്‍ കാണിക്കാത്ത അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇതിലുള്ള അഞ്ച് കോടിയിലേറെ രൂപയുടെ ഉറവിടം വെളിപ്പെടുത്താന്‍ പാര്‍ട്ടിക്കായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് ഏപ്രില്‍ രണ്ടിന് ഒരു കോടി പണമായി പിന്‍വലിച്ചത്. നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ഒരു കോടി ഒരുമിച്ച് പണമായി പിന്‍വലിക്കാനാകില്ല.
ഈ കേസില്‍ അറസ്റ്റ് ഭയന്നാണ് രഹസ്യമായി ഒരു കോടി തിരികെ നിക്ഷേപിക്കാന്‍ വര്‍ഗീസും പാര്‍ട്ടി നേതാക്കളും എത്തിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിക്കാനെത്തിയത് എന്ന് പറയുന്നതും കളവാണ്. ഒരു കോടി രൂപയുമായി വര്‍ഗീസ് എത്തിയപ്പോള്‍ ബാങ്ക് അധികൃതരാണ് ആദായ നികുതി വകുപ്പിനെ അറിയിച്ചത്.
ആദായ നികുതി വകുപ്പിന്റെ അറിവില്ലാതെ പണം സ്വീകരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ആദായ നികുതി ഉദ്യോഗസ്ഥരെത്തി പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ക്ക് അതിനായില്ല. തുടര്‍ന്നാണ് പണം പിടിച്ചെടുത്തത്. പാന്‍ നമ്പറിന്റെ സാങ്കേതിക തകരാറായിരുന്നുവെങ്കില്‍ അത് അപ്പോള്‍ത്തന്നെ തിരുത്താമായിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ വ്യക്തമായ രേഖകളില്ലാതെ രണ്ട് ലക്ഷത്തിലധികം രൂപ കൈവശം സൂക്ഷിക്കാനാകില്ല. പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്തിടത്തോളം സിപിഎമ്മിന്റെ ഒരു ന്യായീകരണവും വിലപ്പോകില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: