ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 17-ാം സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി, കൈസര്‍ഗഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരാണ് ഈ പട്ടികയിലുള്ളത്. റായ്ബറേലിയില്‍ ദിനേശ് പ്രതാപ് സിങ് വീണ്ടും ജനവിധി തേടും. കൈസര്‍ഗഞ്ചില്‍ കരണ്‍ ഭൂഷണ് സിങാണ് സ്ഥാനാര്‍ത്ഥി.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന അമേഠിയിലടക്കം തോല്‍വി ഏറ്റുവാങ്ങിയ 2019ല്‍ റായ്ബറേലിയില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്. അന്ന് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച അതേ ദിനേശ് പ്രതാപ് സിങ്ങിനെ തന്നെയാണ് ഇത്തവണയും ബിജെപി
രംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു തവണയായി സോണിയ തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ പക്ഷേ ഇത്തവണ സോണിയ മത്സരിക്കുന്നില്ല. തോല്‍വി ഭയന്നാണ് സോണിയയുടെ പിന്മാറ്റം.
മണ്ഡലത്തില്‍ സോണിയയുടെ ഭൂരിപക്ഷം നിരന്തരം കുറഞ്ഞുവരികയായിരുന്നു. 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥി അജയ് അഗര്‍വാളിനെതിരെ 3,52,713 വോട്ടിന്റെ ഭൂരിപക്ഷമാണ് സോണിയക്ക് ലഭിച്ചത്. എന്നാല്‍ 2019ല്‍ ദിനേശ് പ്രതാപ് സിങ്ങിനെതിരെ 1,67,178 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് സോണിയക്ക് നേടാനായത്. സോണിയക്ക് 5,34,918 വോട്ട് ലഭിച്ചപ്പോള്‍ ദിനേശ് പ്രതാപ് സിങ്ങിന് 3,67,740 വോട്ട് ലഭിച്ചു. പരാജയപ്പെടുമെന്ന ഭയം ഇത്തവണ കോണ്‍ഗ്രസിനുണ്ട്.
കൈസര്‍ഗഞ്ചിലെ സിറ്റിങ് എംപി ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ മകനാണ് സ്ഥാനാര്‍ത്ഥി കരണ്‍ ഭൂഷണ് സിങ്. ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന് പ്രസിഡന്റാണ് കരണ്‍ ഭൂഷണ് സിങ്. 2009, 2014, 2019 തെരഞ്ഞെടുപ്പുകളില്‍ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങാണ് ഇവിടെ നിന്ന് വിജയിച്ചത്. 2,61,601 വോട്ടായിരുന്നു കഴിഞ്ഞതവണത്തെ ഭൂരിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: