തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ ഇ ഡി അറസ്റ്റ് ചെയ്ത കൊള്ളപ്പലിശക്കാരന് പി.സതീഷ് കുമാറിന് ഇ.പി. ജയരാജനുമായി ബന്ധമുണ്ടെന്ന സാക്ഷിമൊഴിക്ക് പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗമെന്ന് ആരോപണം. സാക്ഷിയുടെ അഭിമുഖം ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരുന്നു. സതീഷുമായി ജയരാജന് വിദേശത്ത് ബിസിനസ് നടത്തിയിരുന്നതായി ചാനലില്‍ പ്രത്യക്ഷപ്പെട്ട വ്യക്തി പറഞ്ഞിരുന്നു.
സതീഷിന്റെ ഡ്രൈവര്‍ എന്ന് അവകാശപ്പെട്ട വ്യക്തിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനെതിരെ ജയരാജന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു..
തൃശൂരിലെ പാര്‍ട്ടിയിലെ ചില ഉന്നതരാണ് വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ജയരാജന് കരുതുന്നത്. ജില്ലയില്‍ നിന്നുള്ള മുന്‍മന്ത്രി, കോര്പ്പറേഷന് കൗണ്‍സിലര്‍, യുവ അഭിഭാഷകന് എന്നിവരടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് സംശയം. പോലീസ് അന്വേഷണത്തിലും ഇത് ശരിയെന്ന് തെളിഞ്ഞതായി സൂചനയുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പോലീസ് അത് ചെയ്യാത്തത്. റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ ഇ.പി.ജയരാജനും ക്ഷുഭിതനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് പാര്‍ട്ടി വേദികളില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹത്തോട് അടുപ്പമുളള വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് ഇടപെടാണ് റിപ്പോര്‍ട്ട് തടഞ്ഞു വച്ചിരിക്കുന്നതെന്നാണ് പറയുന്നത്.
വടകരയില്‍ കെ.കെ.ശൈലജ ജയിച്ചാല്‍ അവര്‍ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് മന്ത്രിസഭയില്‍ എത്താനും ഈ ഉന്നതന് കരുനീക്കങ്ങള്‍ സജീവമാക്കിയതായും ജയരാജനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഡിജിപിക്ക് നല്കിയ കേസിനെ തുടര്‍ന്ന് ഇ.പി.ജയരാജനില്‍ നിന്ന് ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥന് മൊഴിയെടുത്തിരുന്നു. എന്നാല്‍ വിവരാവകാശ പ്രകാരമുളള ചോദ്യത്തിന് ഇ.പി.ജയരാജന് അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി. തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്ത്തകന് അഡ്വ.കെ. പ്രമോദിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരാതി ഡിജിപിക്ക് നേരിട്ട് നല്‍കിയിട്ടും തെറ്റായ മറുപടി നല്‍കിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഇടപെടല്‍ നടന്നതായും ഇ.പി.ജയരാജന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: