വാകത്താനം: കലാകാരന്റെ നിറവും ജാതിയും ലിംഗവും ചര്‍ച്ചയാകുമ്പോള്‍ നൃത്തപഠനത്തിന് പ്രായവും പ്രശ്നമേ അല്ലന്ന് അടിവരയിടുകയാണ് മണികണ്ഠേശ്വരം കൃഷ്ണസന്നിധിയില്‍ അരങ്ങേറ്റം കുറിച്ച കലാകാരികള്‍. കേരള ആര്‍ട്സ് അക്കാദമിയിലെ ”മുതിര്‍ന്ന’ വിദ്യാര്‍ത്ഥിനികളുടെ ആദ്യ ബാച്ചിന്റെ അരങ്ങേറ്റം നൃത്തപഠനം ‘പിള്ളേരു’ കളിയല്ലന്നും ആഗ്രഹം പ്രായത്തെ തോല്‍പ്പിക്കുമെന്നും തെളിയിച്ചു.
കേരള ആര്‍ട്സ് അക്കാദമിയില്‍ പഠിക്കുന്ന മകള്‍ക്കൊപ്പം കൂട്ടുവന്ന അമ്മയ്ക്കുണ്ടായ ആഗ്രഹത്തില്‍ നിന്നാണ് മുതിര്‍ന്നവരുടെ ബാച്ച് എന്ന ആശയം ഉണ്ടായത്. രമ്യാ വിനോദ് ആഗ്രഹം പറഞ്ഞപ്പോള്‍ നൃത്താധ്യാപിക സ്വപ്ന സുനില്‍ സമ്മതം മൂളി. കുട്ടികളെ പഠിപ്പിച്ചശേഷം രമ്യയേയും ചില നൃത്തച്ചുവടുകള്‍ പഠിപ്പിച്ചു. ഇതറിഞ്ഞ മറ്റു ചില അമ്മമാര്‍ക്കും നൃത്തം പഠിക്കാനാന് മോഹം. പഞ്ചായത്തില്‍ എഞ്ചിനീയറായ ശ്രീദേവി അജിത്ത്, ഹയര്‍സെക്കണ്ടറി അധ്യാപകരായ ശീലത രാജേഷ്, ദീപാ മോഹന്‍ , ബാങ്ക് ജീവനക്കാരായ സുമ രമേശ്, സുനിത സൂരജ്, ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലിചെയ്യുന്ന വീണ സുരേഷ്, ആശുപത്രി ജീവനക്കാരി രേണു ഗോപന്, മതപ്രഭാഷക ശ്രീമാ വിഷ്ണു, സ്വകാര്യകമ്പനി ജീവനക്കാരായ രേഖ വൈശാഖ്, അശ്വതി അഭിലാഷ് …. അമ്മമാരുടെ എണ്ണം കൂടിക്കൂടി വന്നു. പ്ളസ് ടു വിദ്യാര്‍ത്ഥിനി ആദിത്യ പ്രദീപും ചേര്‍ന്നതോടെ 12 പേരുടെ ബാച്ചായി.
2019 ലെ വിജയദശമി ദിനം ദക്ഷിണ കൊടുത്ത് അമ്മമാര്‍ ഔദ്യോഗിക പഠനം ആരംഭിച്ചു. പലര്‍ക്കും പറയത്തക്ക കലാപാരമ്പര്യമുള്ളവരായിരുന്നില്ല. എപ്പഴോ ഉള്ളിലുണ്ടായിരുന്ന ചെറിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി ചുവടുവെച്ചവര്‍. ആരോഗ്യത്തിന് നല്ലത് എന്നു ചിന്തിച്ചവരും ഉണ്ട്. യൂണിഫോം ധരിച്ച് പോകുന്ന അമ്മമാരെ കാണുമ്പോള്‍ ഈ പ്രായത്തിലാണോ ഇതൊക്കെ എന്ന് ചോദിച്ച് കളി പറഞ്ഞ് ചിലര്‍ ചിരിച്ചു. കുറച്ച് പേര് അഭിനന്ദിച്ചു. പഠനം അരങ്ങേറ്റത്തിലേക്ക് എത്തുമോയെന്നും എത്ര നാള് പഠിക്കാന്‍ പറ്റുമെന്നും ഒന്നും ചിന്തിച്ചിരുന്നില്ല. അഞ്ചുവര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ അവര്‍ തെളിയിച്ചു ഞങ്ങള്‍ മികച്ച നര്‍ത്തകരാണെന്ന്. അരങ്ങേറ്റം കണ്ട നാട്ടുകാരും ‘അമ്മനര്ത്തകരുടെ’ കഴിവിന് കയ്യടിച്ചു.
നാലു പതിറ്റാണ്ടുമുന്‍പ് (1980) നൃത്താധ്യാപിക വാഴൂര്‍ ജാനമ്മ കോട്ടയത്ത് തുടക്കം കുറിച്ച നൃത്തവിദ്യാലയമാണ് ‘കേരള ആര്‍ട്സ് അക്കാദമി’ . ജാനമ്മയുടെ മകള്‍ സ്വപ്ന സുനില്‍ അക്കാദമിയുടെ ചുമതല ഏറ്റെടുക്കുകയും തൃക്കോതമംഗലത്തേക്ക് ആസ്ഥാനം മാറ്റുകയും ചെയ്തു. പനച്ചിക്കാട് മൂകാംബിക ക്ഷേത്രത്തിലെ നൃത്താധ്യപികകൂടിയായ സ്വപ്നയുടെ കീഴില്‍ നിരവധി കുട്ടികളാണ് പഠനം നടത്തുന്നത്. ആദ്യമായിട്ടാണ് അമ്മമാര്‍ക്കായി ബാച്ച്. അക്കാദമിയുടെ തിരുനക്കരയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലും മുതിര്‍ന്നവര്‍ക്കായി പ്രത്യേക ബാച്ച് തുടങ്ങുമെന്ന് സ്വപ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: