വിശാഖപട്ടണം: ആരു പ്രധാനമന്ത്രിയായാലും ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറുമെന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ചിദംബരം പറയുന്നതാണ് കാര്യമെങ്കില്‍ അവര്‍ ഭരിച്ച 2004-2014 കാലത്ത് ജിഡിപിയുടെ കാര്യത്തില്‍ രാജ്യം വെറും രണ്ട് റാങ്ക് മാത്രം വളര്‍ന്നത് എന്തുകൊണ്ടാണെന്ന് നിര്‍മല സീതാരാമന് ചോദിച്ചു. വിശാഖപട്ടണത്തെ ഗീതം സര്‍വകലാശാലയില്‍ നടന്ന വികസിത് ഭാരത് അംബാസഡര്‍ – കാമ്പസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
കണക്കുകളുടെ അനിവാര്യതയെ മോദി സ്വന്തം ഗ്യാരന്റിയാക്കി മാറ്റുന്നുവെന്നാണ് ചിദംബരത്തിന്റെ മുറവിളി. ഈ അനിവാര്യത അവര്‍ തുലച്ചു കളഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ കണ്ടില്ലല്ലോ. ചിദംബരത്തിന്റെ കാലത്ത് സമ്പദ് വ്യവസ്ഥ മുകളിലേക്കും താഴേക്കും കയറിയിറങ്ങി ചാഞ്ചാടുകയായിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ ആകെ കയറിയത് രണ്ട് റാങ്കാണ്. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി അത് കാണിച്ചുതന്നു. അഞ്ച് റാങ്കുകള്‍ രാജ്യം മുന്നിലേക്ക് കുതിച്ചു രണ്ട് വര്‍ഷത്തിനുള്ളില്‍ അത് മൂന്നാം റാങ്കിലേക്ക് ഉയരും, നിര്‍മല സീതാരാമന് പറഞ്ഞു.
സാമ്പത്തിക രംഗത്തെ ഈ കുതിപ്പ് നമ്മളെ, ഭാരതീയരെ തുരങ്കം വയ്ക്കുന്ന ശക്തികള്‍ക്കെതിരായ നിരന്തരമായ പോരാട്ടമാണ്. ‘ഗണിതപരമായ അനിവാര്യത’ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014ന് മുമ്പ്, പത്ത് വര്‍ഷം നമുക്ക് പൂര്‍ണമായും നഷ്ട ദശാബ്ദമായിരുന്നു, മോശം നയങ്ങളും വന്‍ അഴിമതിയും കാരണം സമ്പദ്വ്യവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ 2004ല്‍ ഉണ്ടായിരുന്നിടത്തുനിന്നുപോലും താഴേക്ക് പോയി,’അവര്‍ പറഞ്ഞു.
അമേരിക്ക, ചൈന, ജര്‍മ്മനി, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഭാരതമാണിന്ന് അഞ്ചാമത്തെ സാമ്പത്തിക ശക്തി. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മുടെ ജിഡിപി ഇനിയും വിപുലീകരിക്കേണ്ടതുണ്ട്, നിര്‍മല സീതാരാമന് പറഞ്ഞു. 1991 ഭാരതചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നേറാനുള്ള വാതില്‍ തുറന്നു. എന്നാല്‍ സാമ്പത്തിക ഉദാരീകരണം രാജ്യത്തിന് വേണ്ടത്ര ഗുണം ചെയ്തില്ല. 2023-24ല്‍ ഒരു ലക്ഷത്തിലധികം പേറ്റന്റുകള്‍ അനുവദിച്ചു, 36000ത്തിലധികം പകര്‍പ്പവകാശ രജിസ്ട്രേഷനുകള്‍, ഭൂമിശാസ്ത്രപരമായ സൂചിക രജിസ്ട്രേഷനില്‍ മൂന്നിരട്ടി വര്‍ധന തുടങ്ങിയ നേട്ടങ്ങളുണ്ടായി, നിര്‍മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: